തിരുവനന്തപുരം: പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ 19 അംഗ മന്ത്രിസഭയായിരിക്കുമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ധാരണ. വകുപ്പുകള്‍ ബുധനാഴ്ച തീരുമാനിക്കും. 25 പേര്‍ മാത്രമേ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടാകൂവെന്നും എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി.
സിപിഐയ്ക്ക് നാലു മന്ത്രിമാരുണ്ടാകും. മറ്റു ഘടകകക്ഷികള്‍ക്ക് ഓരോ മന്ത്രിമാരെയും നല്‍കും. ജനതാദള്‍ എസ്, എന്‍സിപി, കോണ്‍ഗ്രസ് എസ് എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനം നല്‍കും. ഗണേഷ് കുമാര്‍ അടക്കം ഇടതു മുന്നണിയെ പുറമേനിന്നു പിന്തുണച്ചവര്‍ക്ക് മന്ത്രിസ്ഥാനം ഇല്ല. ഇവര്‍ക്കു മറ്റു സ്ഥാനങ്ങള്‍ നല്‍കി അര്‍ഹമായ പ്രാതിനിധ്യം നല്‍കും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങള്‍ യഥാക്രമം സിപിഎമ്മും സിപിഐയും കൈകാര്യം ചെയ്യും.
സിപിഎമ്മിന്റെ 12 മന്ത്രിമാര്‍ ആരൊക്കെയാകണമെന്ന് ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഈ ലിസ്റ്റ് നാളെ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ യോഗത്തിലാകും മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.
നാളെ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗവും സംസ്ഥാന കൗണ്‍സിലും ചേരുന്നുണ്ട്. ഇതില്‍ സിപിഐ മന്ത്രിമാരെയും ഡെപ്യൂട്ടി സ്പീക്കറെയും തീരുമാനിക്കും.
ബുധനാഴ്ച വൈകിട്ട് നാലിനു സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരിക്കും പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ. ഇതിനു ശേഷം മന്ത്രിസഭാ യോഗം ചേര്‍ന്നു നിയമസഭാ സമ്മേളനത്തിനു തിയതി നിശ്ചയിക്കും.
