കോഴിക്കോട്: കോഴിക്കോട് പെട്രോള്‍ പമ്പില്‍ നിന്ന് പട്ടാപ്പകല്‍ രണ്ട് ലക്ഷത്തില്‍ അധികം രൂപ കവര്‍ന്നു. ഇതര സംസ്ഥാനക്കാരനാണ് പണം മോഷ്ടിച്ചതെന്നാണ് കരുതുന്നത്.

കോഴിക്കോട് നടക്കാവിലെ പെട്രോള്‍ പമ്പില്‍ നിന്നാണ് ഉച്ചയ്ക്ക് പണം കവര്‍ന്നത്. 2,31,000 രൂപയാണ് നഷ്ടപ്പെട്ടത്. പെട്രോള്‍ പമ്പിലെ ഓഫീസില്‍ സഹായം ചോദിച്ചെത്തിയ ഒരാളാണ് പണം മോഷ്ടിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. ബാങ്കില്‍ അടയ്ക്കാനായി മേശപ്പുറത്ത് തയ്യാറാക്കി വച്ചിരുന്ന തുകയാണ് ഭിക്ഷക്കാരനെന്ന വ്യാജേന എത്തി തട്ടിയെടുത്തത്. സംസാര ശേഷി ഇല്ലാത്തവനെപ്പോലെ അഭിനയിച്ചാണ് ഇയാള്‍ എത്തിയത്.
മുഴുക്കൈ ഷര്‍ട്ടും ചുവന്ന തൊപ്പിയും ധരിച്ച ആളാണ് പട്ടാപ്പകല്‍ നടത്തിയ ഈ മോഷണത്തിന് പിന്നില്‍. ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് കരുതുന്നത്. പെട്രോള്‍ പമ്പില്‍ ക്യാമറ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇയാള്‍ പണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമല്ല. അതേസമയം പെട്രോള്‍ പമ്പിന് തൊട്ടടുത്ത സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകളില്‍ ഇയാള്‍ നടന്ന് പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

നടക്കാവ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.