കശ്മീരിലെ ഷോപിയാനില്‍ കണ്ണില്‍ പെല്ലറ്റ് കൊണ്ട ഒന്നരവയസുകാരിയുടെ കാഴ്ച നഷ്ടമായേക്കുമെന്ന് ആശങ്ക അറിയിച്ച് ഡോക്ടര്‍മാര്‍.  ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാസൈന്യം ഉപയോഗിക്കുന്ന പെല്ലറ്റ് തുളച്ചുകയറിയാണ് 20 മാസം മാത്രം പ്രായമുളള ഹീബയുടെ വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റത്. 

ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ കണ്ണില്‍ പെല്ലറ്റ് കൊണ്ട ഒന്നരവയസുകാരിയുടെ കാഴ്ച നഷ്ടമായേക്കുമെന്ന് ഡോക്ടര്‍മാര്‍. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാസൈന്യം ഉപയോഗിക്കുന്ന പെല്ലറ്റ് തുളച്ചുകയറിയാണ് 20 മാസം മാത്രം പ്രായമുളള ഹീബയുടെ വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റത്. 

ശ്രീനഗറിലെ ശ്രീമഹാരാജ ഹരി സിങ് ആശുപത്രിയില്‍ കഴിയുന്ന ഹീബ നിസാറിന്‍റെ നില ഗുരുതരമെന്നും കാഴ്ച നഷ്ടമായേക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ നിര്‍ത്താതെ കരയുന്ന ഹീബ സംസ്ഥാനത്തെ പെല്ലറ്റ് ആക്രമണത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ ഇരയാണ്. ഞായറാഴ്ച രാവിലെയാണ് ഹീബയ്ക്ക് പരിക്കേറ്റത്. ഷോപിയാന്‍ ജില്ലയിലെ കപ്രാന്‍ ഗ്രാമക്കാരാണ് ഹീബയുടെ കുടുംബം. തൊട്ടടുത്ത ഗ്രാമമായ ബത്ഗുണ്ടില്‍ സുരക്ഷാസൈന്യവും തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായി. തുടര്‍ന്നാണ് വീടിനുളളിലുണ്ടായിരുന്ന ഹീബയ്ക്ക് പരിക്കേറ്റത്. 

കണ്ണീര്‍വാതകം മൂലം വീട് മുഴുവന്‍ പുകയില്‍ മുങ്ങിയപ്പോള്‍ ഹീബയെയും അഞ്ച് വയസ്സുളള അവളുടെ സഹോദരനെയും കൊണ്ട് അമ്മ മര്‍സാല ജാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ഇവര്‍ക്ക് നേരെ പെല്ലറ്റ് ആക്രമണം ഉണ്ടായത്. ' ഞാനും മക്കളും വീട്ടിനുളളിലായിരുന്നു. വീട് മുഴുവന്‍ പുകയില്‍ മുങ്ങിയപ്പോള്‍ പുറത്തിറങ്ങാനായി വാതില്‍ തുറന്നപ്പോള്‍ തന്നെ പെല്ലറ്റുകള്‍ ഞങ്ങള്‍ക്ക് നേരെ വരികയായിരുന്നു. ഹീബയുടെ മുഖം എന്‍റെ കൈ കൊണ്ട് മറച്ചെങ്കിലും പെല്ലറ്റ് കണ്ണില്‍ തുളച്ചുകയറി' - മാര്‍സാല ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അപകടത്തില്‍ മര്‍സാലയുടെ കൈയിനും പരിക്കുണ്ട്. ഏറ്റുമുട്ടലില്‍ 59 പേര്‍ക്ക് പരിക്കേറ്റു.