യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഒ ജെ ജനീഷ്, വി ഡി സതീശൻ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. തൊഴിലുറപ്പ് തൊഴിലാളിയുടെ മകനായി വളർന്ന ജനീഷ്, ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്താണ് മന്ത്രിപദത്തിലേക്ക് എത്തിയത്. മന്ത്രിസഭാ രൂപീകരണ ചർച്ചകളിലെ അവസാന നിമിഷത്തെ സർപ്രൈസ് എൻട്രിയായിരുന്നു ജനീഷിന്റേത്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാൻ അധ്യക്ഷനായ ഒ ജെ ജനീഷെന്ന മുപ്പത്തിയെട്ടുകാരനാണ് വി ഡി സതീശന്‍ മന്ത്രിസഭയിലെ ഏറ്റവും ചെറുപ്പക്കാരൻ. തൊഴിലുറപ്പ് തൊഴിലാളിയുടെ മകനായി വളര്‍ന്ന ജനീഷ് പെരുമ്പാവൂരിൽ സെക്യൂരിറ്റി ജീവനക്കാരനായും ഇന്‍റര്‍നെറ്റ് കഫേയിലെ തൊഴിലാളിയായും ജോലി ചെയ്താണ് പഠനം പൂര്‍ത്തിയാക്കിയത്. ജീവിതത്തോട് പടവെട്ടി കയറിവന്നവന് കിട്ടുന്ന അംഗീകാരം കൂടിയാണ് ജനീഷിന്‍റെ മന്ത്രി പദം. മന്ത്രിസഭ രൂപീകരണ ചർച്ചകളിൽ അവസാന നിമിഷത്തെ സർപ്രൈസ് എൻട്രിയായാണ് ജനീഷ് എത്തിയത്. ഹൈക്കമാൻഡിന്‍റെ കൂടി നിർദ്ദേശത്തിലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷന് മന്ത്രി പദവി ലഭിച്ചതെന്നാണ് വ്യക്തമാകുന്നത്.

ജീവിതത്തോട് പടവെട്ടി കയറിവന്നവൻ
പെരുമ്പാവൂരിലെ പോളി ടെക്നികില്‍ രണ്ടാം വര്‍ഷ രണ്ടാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ജനീഷിനെ തേടി ആ ഫോണ്‍ കോൾ എത്തുന്നത്. ചാലക്കുടി സിദ്ധാര്‍ഥ ബാറിലെ ജീവനക്കാരനായിരുന്ന അച്ഛന്‍ ജനരഞ്ജന്‍ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു. ജനീഷ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. തൊഴിലുറപ്പ് ജോലിക്കു പോയാണ് പിന്നീട് രണ്ടു കുഞ്ഞുങ്ങളെ അമ്മ പുഷ്പ പോറ്റിവളര്‍ത്തിയത്. വീട്ടിലെ ദുരിതം കണ്ടു വളര്‍ന്ന ജനീഷ് പാര്‍ടൈം ജോലിക്ക് പോയിത്തുടങ്ങി. സെക്യൂരിറ്റി ജീവനക്കാരനായും ഇന്‍റര്‍ നെറ്റ് കഫേയില്‍ തൊഴിലെടുത്തു ജനീഷ് പഠിക്കാനുള്ള പണം കണ്ടെത്തി. പഠനവും സംഘടനയും ഒരുമിച്ച് കൊണ്ടുപോയി ജനീഷ്. കുഴൂർ ഗവൺമെന്റ് ഹൈസ്കൂളിലും പുത്തൻവേലിക്കര വി സി എസ് എച്ച് എസ് എസ് ലുമായാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബി ബി എ എൽ എൽ ബി ബിരുദവും കരസ്ഥമാക്കി. ഇക്കാലത്ത് കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ്, മാള നിയോജകമണ്ഡലം പ്രസിഡന്‍റ്, തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ്, ജില്ലാ പ്രസിഡന്‍റ് എന്നീ പദവികള്‍ ജനീഷിനെ തേടിയെത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനായി. ജനീഷിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകളിലൊന്നായിരുന്നു പാലിയേക്കര ടോൾ പ്ലാസക്കെതിരായ സമരം. ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ നീണ്ട ആ നിയമയുദ്ധത്തിലൂടെ ജനീഷ് കയ്യടി നേടി. നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധത്തിൽ 21 ദിവസം ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വെച്ചൊഴിഞ്ഞ സ്ഥാനത്തേക്കാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ജനീഷ് വന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഇടതു കോട്ടയായ കൊടുങ്ങല്ലൂരില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പോലും വിജയം പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസ് കോട്ടകള്‍ ഉറപ്പിച്ചും ഇടതു കോട്ടകളില്‍ കടന്നു കയറിയുമുള്ള പ്രചരണം ഫലം കണ്ടു. വി ആര്‍ സുനില്‍ കുമാറെന്ന അതികായന്‍റെ പതനം 8308 വോട്ടിനായിരുന്നു. ആ സര്‍പ്രൈസ് 'ബേബി'യാണ് വി ഡി സതീശന്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഒ ജെ ജനീഷ്.
