ആലപ്പുഴ ചെന്നിത്തലയില്‍, വിവാഹിതയായ 21കാരിയായ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശി ഉബൈദാണ് പിടിയിലായത്. ഇപ്പോഴുള്ള ബന്ധം ഒഴിവാക്കിയാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദ്ധാനം ചെയ്തായിരുന്നു പീഡനം.

ചെന്നിത്തലക്ക് സമീപം തൃപ്പെരുന്തുറ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. 21കാരിയായ യുവതി മൂന്ന് വര്‍ഷം മുമ്പ് മാന്നാര്‍ സ്വദേശിയെ വിവാഹം കഴിച്ചിരുന്നു. ആറ് മാസം മുന്‍പ് ഫേസ്ബുക്ക് വഴിയാണ് നെടുമങ്ങാട് ഒഴുകുപാറ സ്വദേശി ഉബൈദിനെ പരിചയപ്പെടുന്നത്. കൂടുതല്‍ അടുത്തതോടെ യുവതിയെ വിവാഹം കഴിക്കാമെന്ന് 20കാരനായ ഉബൈദ് വാഗ്ദാനം നല്‍കി. ഇപ്പോഴുള്ള വിവാഹബന്ധം വേര്‍പെടുത്താനും നിര്‍ദ്ദേശിച്ചു. ഇതിനിടെ വര്‍ക്കലയിലുള്ള വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ ഉബൈദ് പലതവണ പീഡിപ്പിക്കുകയും ചെയ്തു. വിവാഹത്തിന് തയ്യാറാകാതെ ഉബൈദ് ഒഴിഞ്ഞുമാറിയതോടെയാണ് യുവതി പരാതിയുമായി മാന്നാര്‍ പൊലീസിനെ സമീപിക്കുന്നത്. സി.ഐ. എസ്. വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കോള്‍ സെന്റര്‍ ജീവനക്കാരനാണ് ഉബൈദ്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.