സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാനായി ഇതുവരെ അപേക്ഷ നല്‍കിയത് 23,135 പേരാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതേസമയം 1500 മലയാളികള്‍ മാത്രമാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസിയെ സമീപിച്ചത്.

സൗദിയില്‍ താമസിക്കുന്ന നിയമലംഘകരായ വിദേശികള്‍ക്ക് രാജ്യം വിടുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ ഇനി 47 ദിവസം കൂടി മാത്രം അവശേഷിക്കേ ഇന്ത്യന്‍ എംബസിയില്‍ ഇതുവരെ ലഭിച്ചത് 23,135 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളാണെന്ന് എംബസി അധികൃതര്‍ അറിയിച്ചു. ഇതില്‍ 21,214 പേര്‍ക്ക് എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുകഴിഞ്ഞു. പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ എംബസിയില്‍ അപേക്ഷനല്‍കിയതില്‍ ഏറ്റവും കൂടുതല്‍ പേര് ഉത്തര്‍ പ്രദേശ് സ്വദേശികളാണ്. 10024 യുപി സ്വദേശികളാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസിയില്‍ അപേക്ഷനല്‍കിയതു.

രണ്ടാം സ്ഥാനത്തു തെലുങ്കാന സ്വദേശികളാണ്. 2436 അപേക്ഷകളാണ് തെലുങ്കാന സംസ്ഥാനക്കാരില്‍ നിന്ന് ലഭിച്ചത്. അതേസമയം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസിയെ സമീപിച്ച മലയാളികളുടെ എണ്ണം വളരെ കുറവാണു. ഇന്നലെവരെ എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി 1500 മലയാളികള്‍ മാത്രമാണ് അപേക്ഷ നല്‍കിയതെന്നും എംബസി അധികൃതര്‍ അറിയിച്ചു.