കൊല്ലം ജില്ലയിൽ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള രാസ ലഹരി കേസാണിത്

കൊല്ലം: കരുനാഗപ്പള്ളിയിൽ എക്‌സൈസ് സംഘത്തിന്റെ വൻ മയക്കുമരുന്ന് വേട്ട. 227 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം തൊടിയൂർ സ്വദേശി അനന്തു (27) ആണ് പിടിയിലായത്. കൊല്ലം ജില്ലയിൽ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള രാസ ലഹരി കേസാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ബംഗളുരുവിൽ നിന്ന് വൻ തോതിൽ എംഡിഎംഎ കൊല്ലത്ത് എത്തിച്ച് വിൽപ്പന നടത്തുന്ന മൊത്ത വിതരണക്കാരനാണ് ഇപ്പോൾ പിടിയിലായ അനന്തു എന്ന് എക്സൈസ് പറഞ്ഞു. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീകുമാർ, ഐ.ബി പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അനീഷ്, ജൂലിയൻ ക്രൂസ്, ബാലു.എസ്.സുന്ദർ, സൂരജ്, നിജി എന്നിവരും പങ്കെടുത്തു.