കാഠ്‌മണ്ഡു: നേപ്പാളില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ ബസ് നദിയിലേക്ക് മറിഞ്ഞ് ഇന്ത്യന്‍ വനിതയുള്‍പ്പെടെ 31 പേര്‍ മരിച്ചു. മമതാ ദേവി താക്കൂറാണ് മരണപ്പെട്ട ഇന്ത്യക്കാരി. 52 യാത്രികരുമായി രാജ്‌ബിറാജില്‍ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നു. കാഠ്‌മണ്ഡുവിന് ഏകദേശം 70കിമി പടിഞ്ഞാറാണ് അപകടം നടന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായതെന്ന് ദാദിംഗ് പൊലിസ് സൂപ്രണ്ട് അറിയിച്ചു. 

31 യാത്രക്കാര്‍ മരിച്ചതായും കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നതായും കാഠ്‌മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ 12പേരെ തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ 16 പേരെ നേപ്പാള്‍ സൈന്യവും പൊലിസും ചേര്‍ന്ന് രക്ഷപെടുത്തി. സാരമല്ലാത്ത പരിക്കുകളുള്ളവരെ സമീപത്തെ ആശുപത്രികളിലും ഗുരുതരമായി പരിക്കേറ്റവരെ കാഠ്‌മണ്ഡുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമിതവേഗതയും ഡ്രൈവറുടെ കാഴ്ച്ചക്കുറവുമാണ് അപകടകാരണമെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം.