അടുത്തിടെ രാജ്യം കണ്ട ഏറ്റവും ഭീകരമായ കൂട്ടക്കുരുതികളിലൊന്നായാണ്  അധികൃതര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

ബീജിങ്: ചൈനയില്‍ സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ഒന്‍പത് വിദ്യാര്‍ത്ഥികളെ യുവാവ് കുത്തിക്കൊന്നു. 10 വിദ്യാര്‍ത്ഥികള്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. 

അടുത്തിടെ രാജ്യം കണ്ട ഏറ്റവും ഭീകരമായ കൂട്ടക്കുരുതികളിലൊന്നായാണ് ചൈനീസ് അധികൃതര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. പ്രാദേശിക സമയം വൈകുന്നേരം 6.10ന് മിഴി കൗണ്ടിയിലെ ഷവോജിയാന്‍ എന്ന ഗ്രാമത്തിലായിരുന്നു സംഭവം. സ്കൂള്‍ വിട്ട് നടന്നുവരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ചാടിവീണ അക്രമി കുട്ടികളെ കുത്തിക്കൊല്ലുകയായിരുന്നു. ഏഴ് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. എല്ലാവരും 12നും 15നും ഇടയ്ക്ക് പ്രായമുള്ളവരാണ്.

28കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂള്‍ പഠന കാലത്ത് തനിക്കുണ്ടായ ചില ദുരനുഭവങ്ങളാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തിന്റേതെന്ന പേരില്‍ ചില വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏവയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.