രണ്ട് പോത്തുകളെയും തെളിച്ചു നടക്കുന്ന വൃദ്ധനെ കണ്ടാണ് ലാത്തൂരിലെ ഭാതംഗ്ലി ഗ്രാമത്തിലേക്കുള്ള യാത്രക്കിടെ ഞങ്ങള്‍ വണ്ടി നിര്‍ത്തിയത്. മറാത്തി മാത്രം പറയുന്ന നൂറ് വയസ് പിന്നിട്ട കാശിനാഥ് മുത്തച്ഛന്‍. ഭാര്യയും രണ്ടു കാലികളുമാണ് വീട്ടിലുള്ളതെന്നുപറഞ്ഞു. ഇവയ്ക്ക് വെള്ളംതേടി ഇറങ്ങിയതാണ്. അഞ്ചു കിലോമീറ്ററോളം നടന്നു. മഴപെയ്തില്ലെങ്കില്‍ പിന്നെ എന്ത്‌ചെയ്യാനാണെന്ന് മനോഗതം. പിന്നെ മാഞ്ചിറ നദിയുടെ ഓരത്തെവിടെയെങ്കിലും കുടിനീരുണ്ടാകുമെന്ന് പിറുപിറുത്ത് അപ്പൂപ്പന്‍ നടന്നു നീങ്ങി.
ലാത്തൂരില്‍നിന്നും പുതിയ വാര്‍ത്തകളൊന്നും വരാത്തത് കണ്ട് പ്രശ്‌നം തീര്‍ന്നെന്നു കരുതരുത്. ഓരോ ദിവസം കഴിയും തോറും മറാത്ത്വാഡ കരിഞ്ഞുണങ്ങുകയാണ്. ഇരുപത്തി എട്ടായിരം ഗ്രാമങ്ങളില്‍ വരള്‍ച്ചയാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പതിനായിരം കോടി ഉടന്‍ നല്‍കണം.
മറാത്ത് വാഡയിലെ കുടിവെള്ള പദ്ധതിക്കുമാത്രം ഏഴായിരത്തി അഞ്ഞൂറ് കോടി ചെലവാകുമെന്ന് ഫട്‌നവിസ് മോദിയെ അറിയിച്ചു. ലാത്തൂരിലേക്ക് ദിവസവും അമ്പത് ലക്ഷംലിറ്റര്‍ കുടിവെള്ളം. തീവണ്ടിയിലെത്തിക്കുന്നുണ്ടെങ്കിലും ഒരു ലിറ്റര്‍ വെള്ളം പോലും ഗ്രാമങ്ങളിലേക്കെത്തുന്നില്ല.
