2 ജി സ്പെക്ട്രം കേസുകളിൽ അന്വേഷണം പൂര്‍ത്തിയാക്കാൻ നിര്‍ദ്ദേശം

ദില്ലി: 2 ജി സ്പെക്ട്രം, ഏയര്‍സെൽ മാക്സിസ് കേസുകളിലെ അന്വേഷണം സിബിഐയും എൻഫോഴ്സ് ഡയറക്ടേറ്റും ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജനങ്ങൾക്ക് മുമ്പിൽ അന്വേഷണത്തെ കുറിച്ച് പുകമറ ഉണ്ടാക്കരുതെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ യുപിഎ സര്‍ക്കാരിനെ അധികാരത്തിൽ നിന്ന് താഴേയിറക്കിയ 2 ജി സ്പെക്ട്രം അഴിമതിയെ കുറിച്ചുള്ള അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിലാണ് സുപ്രീംകോടതി ഇന്ന് അതൃപ്തി അറിയിച്ചത്. 

സിബിഐ രജിസ്റ്റര്‍ ചെയ്ത ചില കേസുകളിൽ വിചാരണ പൂര്‍ത്തിയായെങ്കിലും ഇനിയും നിരവധി കേസുകളിൽ അന്വേഷണം തുടരുകയാണ്. എൻഫോഴ്സ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും പാതി വഴിയിലാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം സുപ്രീംകോടതി നൽകിയത്. 

അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോയി ജനങ്ങളെ പുകമറക്കുള്ളിൽ നിര്‍ത്താനാകില്ലെന്ന് കോടതി പറഞ്ഞു. അന്വേഷണത്തെ കുറിച്ചുള്ള തൽസ്ഥിതി റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കാൻ കേന്ദ്ര സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. 2 ജി സെപെക്ട്രം കേസിൽ നേരത്തെ എ രാജ, കനിമൊഴി ഉൾപ്പടെയുള്ള വെറുതെ വിട്ടുകൊണ്ട് ദില്ലി പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു. 

എന്നാൽ സെപെക്ട്രം ലൈൻസ് നേടിയതുമായി ബന്ധപ്പെട്ട പല കമ്പനികൾക്കെതിരെയുള്ള അന്വേഷണം എങ്ങുമെത്താത്തതിലാണ് കോടതി ആശങ്ക അറിയിച്ചത്. ഏയര്‍സെൽ മാക്സിസ് കേസിലെ അന്വേഷണവും വേഗം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര‍്ദ്ദേശിച്ചു. ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് സിബിഐ കോടതി 12 ദിവസത്തേക്ക് കൂടി നീട്ടി. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.