ശ്രീനഗര്‍: ജമ്മു കശ്മീരിലെ കാല്‍ഗേ മേഖലയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഭീകരര്‍ നടത്തിയ ശ്രമം സൈന്യം പരാജയപ്പെടുത്തി. മൂന്ന് പാക് ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. ഒരു സൈനികനും നാട്ടുകാരായ മൂന്നുപേര്‍ക്കും ഏറ്റുമുട്ടലിനിടെ പരിക്കേറ്റു.

19 സൈനികര്‍ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഭീകരരെയാണ് വധിക്കാന്‍ കഴിഞ്ഞതെന്ന് ഡി.ജി.പി എസ്.പി വൈദ് മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനാലാണ് വന്‍ ഭീകരാക്രണം നടത്താനുള്ള നീക്കം പരാജയപ്പെടുത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. 

സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരരെ വധിക്കാന്‍ കഴിഞ്ഞത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉറിക്ക് സമീപമുള്ള കല്‍ഗായ് പ്രദേശത്ത് തിരച്ചില്‍ നടത്തിയ സൈന്യത്തിന്റെയും പോലീസിന്റെയും സംഘത്തിനുനേരെ വെടിവെപ്പുണ്ടായി. തുടര്‍ന്നാണ് സൈന്യം ശക്തമായി തിരിച്ചടിച്ചത്. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടെത്തിയ മൂന്ന് ഭീകരരെയും വധിക്കാന്‍ സൈന്യത്തിന് കഴിഞ്ഞു.