തെക്കന്‍ കശ്മീരീലെ പുല്‍വാമയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശം സൈന്യം വളഞ്ഞത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ സൈന്യം വധിച്ചു. കശ്മീരിലെ ദോഗിപോറ, തഹാബ് മേഖലയില്‍ നിന്നുള്ളവരാണ് തീവ്രവാദികളെന്ന് സൈന്യം വ്യക്തമാക്കി. മരിച്ച തീവ്രവാദികളില്‍ നിന്നും മൂന്ന് തോക്കുകളും വന്‍ സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ ബ്രിഗേഡിയര്‍ കെ വേണുഗോപാല്‍ അറിയിച്ചു.

വൈകീട്ട് മരിച്ച തീവ്രവാദികളുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ജനക്കൂട്ടം പൊലീസിന് നേരെ ശക്തമായ കല്ലേറ് നടത്തി. ആക്രമാസക്തരായ ജനങ്ങളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ നിന്ന് ബനിഹലിലേക്കുള്ള തീവണ്ടി സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ കുപ്|വാര ജില്ലയിലെ നിയന്ത്രണരേഖയിലുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. നുഴഞ്ഞുകയറ്റ ശ്രമമുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ സൈന്യം കാവല്‍ ശക്തമാക്കിയിട്ടുണ്ട്.