ഇടുക്കി: ഇടുക്കിയിലെ കുമളി പഞ്ചായത്തിലെ ചെങ്കര പട്ടിക ജാതികോളനിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിൽ 37 ലക്ഷം രൂപയുടെ അഴിമതി കണ്ടെത്തി. കരാറുകാരനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. കുടിവെള്ള പദ്ധതിയിലാണ് വ്യാപക ക്രമക്കേട് നടന്നത്.
പട്ടിക ജാതി വകുപ്പിൻറെ സ്വയം പര്യാപ്തതാ ഗ്രാമം പദ്ധതിയിൽപെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ചെങ്കരയിലെ കോളനിയിൽ നടപ്പാക്കിയത്. കെയ്കോയെയാണ് ഇവിടെയും പദ്ധതി നടപ്പാക്കാൻ ചുമതലപ്പെടുത്തിയത്. വണ്ടിപ്പെരിയാറിനടുത്ത് മൂങ്കലാർ സ്വദേശി ജിവക്കാണ് കെയ്കോ കരാർ നൽകിയത്.
2014 ലാണ് പണികൾ തുടങ്ങിയത്. കോളനിയിലേക്കെത്തുന്ന നാലു പാതകളുടെ കോൺക്രീറ്റിംഗ് കുടിവെള്ള പദ്ധതി ഉള്‍പ്പെടെയുള്ള ജോലികളാണ് ഇവിടെ നടന്നത്. റോഡുകളുടെ പണികൾക്ക് എസ്റ്റിമേറ്റ് തുകയുടെ പകുതി പോലും ചെലവാക്കിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 37 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി. മുമ്പ് ബ്ലോക്കു പഞ്ചായത്ത് നിർമ്മിച്ച കുളം ഈ പദ്ധതിയുടെ ഭാഗമാക്കി മാറ്റി. വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച ടാങ്ക് അറ്റകുറ്റപ്പണി നടത്തി പുതിയ ടാങ്കാക്കി. 1700 മീറ്റർ നീളത്തിൽ ഹോസും 8000 മീറ്റർ നീളത്തിൽ പൈപ്പുകളും സ്ഥാപിച്ചു. വീടുകൾക്ക് പൈപ്പ് കണക്ഷനും നൽകി. എന്നാൽ ഒരു തുള്ളി വെള്ളം പോലും ഇവിടുത്തുകാർക്ക് ലഭിച്ചില്ല.
82 ലക്ഷം രൂപയുടെ ബില്ല് കരാറുകാരൻ മാറിയെടുത്തു. ബാക്കി തുകക്കുള്ള ബില്ല് സമർപ്പിച്ചിട്ടുണ്ട്. ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വി എൻ സജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
