തണ്ണീര്‍മുക്കം ബണ്ടിന്‍റെ മൂന്നാം ഘട്ടം തുറക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

തിരുവനന്തപുരം: തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം തുറക്കാൻ സർക്കാർ നടപടി തുടങ്ങി. മന്ത്രി മാത്യു ടി. തോമസ് ഇന്ന് തണ്ണീർമുക്കം സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മൂന്നാം ഘട്ട ബണ്ടിനു മുകളിലൂടെയുള്ള റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ ബുധനാഴ്ച രാത്രിയോടെ ആരംഭിച്ചു. 

കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ സുരേഷ് കുമാർ ഇന്നലെ തണ്ണീർ മുക്കത്തെത്തി നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. രണ്ടു ദിവസം കൊണ്ട് റോഡിന്റെ പ്രവൃത്തി പൂർത്തിയായേക്കും. ഇതുവഴി ഗതാഗതം വഴിതിരിച്ചുവിട്ട ശേഷം മൂന്നാം ഘട്ട ബണ്ടിനു മുന്നിലെ താൽക്കാലിക പാത പൊളിച്ചു മാറ്റും. ഈ പാത മാറ്റി ഷട്ടറുകൾ തുറക്കുന്നതോടെ കുട്ടനാട്ടെ പ്രളയ ജലത്തിന്റെ കടലിലേക്കുള്ള ഒഴുക്ക് കൂടുതൽ സുഗമമാകും. 

മൂന്നാം ഘട്ട ബണ്ടിനു മുകളിലൂടെയുള്ള പാതയുടെ നിർമാണം നേരത്തെ തന്നെ പൂർത്തിയായിരുന്നെങ്കലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം ഗതാഗതം വഴി തിരിച്ചുവിട്ട് ബാക്കി പ്രവൃത്തികൾ പൂർത്തിയാക്കാമെന്ന നിലപാടിലായിരുന്നു ജലവിഭവ വകുപ്പ്.

തണ്ണീര്‍മുക്കം ബണ്ടിന്‍റെ മൂന്നാം ഘട്ട ഷട്ടറുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും തുറന്നില്ലെന്നും ഉദ്ഘാടനം വൈകുന്നത് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തതിനാലാണെന്നും ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.