ജമ്മു: കശ്‍മീരില്‍ കഴിഞ്ഞ ദിവസം വീരമൃത്യുവരിച്ച സൈനികരുടെ മൃതദേഹം പാകിസ്ഥാന്‍ വികൃതമാക്കിയെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ അതിര്‍ത്തി സംരക്ഷണ സേനയായ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ഒരു ഇന്ത്യന്‍ സൈനിക ഓഫീസറുടെയും മൂന്ന് ജവാന്മാരുടെയും മൃതദേഹങ്ങള്‍ വികൃതമാക്കിയതെന്ന് സൈനിക ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.
നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മേജര്‍ മൊഹര്‍കര്‍ പ്രഫുല്ല അമ്പദാസ്, ലാന്‍സ് നായിക് ഗുര്‍മെയില്‍ സിങ്, ലാന്‍സ് നായിക് കുല്‍ദീപ് സിങ്, സീപോയ് പ്രഗത് സിങ് എന്നിവരാണു കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്‌ക്ക് 12.15 ഓടെയായിരുന്നു ആക്രമണം. നിയന്ത്രണരേഖയില്‍നിന്ന് 400 മീറ്ററോളം ഉള്ളിലേക്ക് കയറിയാണ് പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സേനയ്‌ക്കുനേരെ വെടിവെച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ഏപ്രിലിലും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറിയ പാകിസ്ഥാന്‍ രണ്ടു സൈനികരെ വധിച്ച ശേഷം മൃതദേഹം വികൃതമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ ഔട്ട് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ വ്യാപക ആക്രമണം നടത്തി.
