ലക്നൗ: ഉത്തര്‍പ്രദേശില്‍ കാറിനുള്ളില്‍ നാലു സ്‌ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. അതിക്രമം തടയാന്‍ ശ്രമിക്കവെ, സ്‌ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെ അക്രമികള്‍ വെടിവെച്ചുകൊന്നു. നോയിഡയിലെ യമുന എക്‌സ്‌പ്രസ് വേയിലാണ് നാടിനെ നടുക്കിയ സംഭവം. ഒരു കുടുംബത്തിലെ എട്ടു പേര്‍ സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്ന സ്‌ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്‌തത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. അഞ്ചുപേര്‍ ഉള്‍പ്പെട്ട കവര്‍ച്ചസംഘമാണ് അക്രമം നടത്തിയത്. ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്ന കുടുംബത്തിനുനേരെയാണ് അക്രമം ഉണ്ടായത്. കവര്‍ച്ചാശ്രമം തടുക്കാന്‍ ശ്രമിക്കവെയാണ് അക്രമികള്‍ സ്‌ത്രീകളെ ഉപദ്രവിച്ചത്. ഇത് തടയാന്‍ ശ്രമിച്ചയാളെയാണ് വെടിവെച്ച് കൊന്നത്. സ്‌ത്രീകളെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ഗൗതമബുദ്ധനഗര്‍ പോലീസ് അറിയിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറയുന്നു.