ഹരിയാന: ഹരിയാനയിലെ എന്‍എസ്ജി ക്യാമ്പസില്‍ നാല് വയസ്സുകാരിക്ക് ക്രൂരപീഡനം. മനേസറിലെ എന്‍എസ്ജി ക്യാമ്പസില്‍ നാല് വയസ്സുകാരി ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. ക്യാമ്പസിലെ പാചകക്കാരന്റെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. എന്‍എസ്ജി ക്യാമ്പസിലെ പാര്‍ക്കില്‍ കളിക്കാനായി പോയ കുട്ടി പരിക്കുകളോടെ മടങ്ങി വന്നതു ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ ഉടന്‍തന്നെ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസെത്തി മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുട്ടി അക്രമിക്കപ്പെട്ട വിവരം പുറം ലോകം അറിയുന്നത്. പിന്നീട് കുട്ടിയെ ഗുരുഗ്രാമിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് വിശദമായ പരിശോധനയും നടത്തി. കുട്ടികള്‍ക്കെതിരായുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോസ്‌കോ നിയമപ്രകാരം കേസ് എടുത്തതായും പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും ഗുരുഗ്രാം പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് ഭക്ഷി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എന്‍എസ്ജി ക്യാമ്പസിലെ ചിലരെ പോലീസ് ചോദ്യം ചെയ്തിരുന്നു.