ലക്‌നൗ: ഓക്സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിച്ച ഖൊരക്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ വീണ്ടും കുട്ടികളുടെ കൂട്ട മരണം. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 42 കുട്ടികള്‍ മരിച്ചതായി കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. മരണസംഖ്യ ഇനിയും കൂടുമെന്നാണ് അധികൃതര്‍ പറയുന്നത്.
42 കുട്ടികളില്‍ ഏഴ് പേര്‍ ജപ്പാന്‍ ജ്വരം ബാധിച്ചാണ് മരിച്ചത്. ബാക്കിയുള്ളവര്‍ ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ മൂലമാണ് മരിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോക്‌ടര്‍ പി കെ സിംഗ് പറഞ്ഞു. ഇവരില്‍ കൂടുതല്‍ പേരും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നവരാണ്. കനത്ത മഴയും വെള്ളപ്പൊക്കവും വെള്ളക്കെട്ടും മൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണെന്നും അതുകൊണ്ട് തന്നെ മരണ സംഖ്യ വരും ദിവസങ്ങളില്‍ കൂടാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജന്‍ കിട്ടാതെ ഈ മെഡിക്കല്‍കോളേജില്‍ 70 കുട്ടികള്‍ മരിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും കേന്ദ്രമന്ത്രിമാരും ആശുപത്രിയിലെത്തി മെച്ചപ്പെട്ട സൗകര്യം ഒരുക്കുമെന്ന് പ്രഖ്യാപിച്ചു. ജനരോഷത്തെ തുടര്‍ന്ന് എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പകര്‍ച്ചവ്യാധികള്‍ ചികില്‍സിക്കുന്നതിന് സൗകര്യം ഒരുക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഭൂരിഭാഗം കേന്ദ്രങ്ങളിലും ശിശുരോഗ വിദഗ്ദരെ നിയമിക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇത് മൂലം എല്ലാവരും ബിആര്‍ഡി മെഡിക്കല്‍ കോളേജിനെയാണ് ആശ്രയിക്കുന്നത്. തീരെ അവശനിലയിലാണ് പല കുട്ടികളേയും എത്തിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതുമൂലം പ്രവേശനം നല്‍കി ഒരു മണിക്കൂറിനകം കുട്ടികള്‍ മരിക്കുന്ന അവസ്ഥയും ഉണ്ടെന്നാണ് അധികതര്‍ നിരത്തുന്ന ന്യായീകരണം.
