പടിഞ്ഞാറന്‍ യു.പിയിലും ഭാഗല്‍കണ്ഡ് മേഖലയിലും കണ്ടതില്‍ നിന്ന് വ്യത്യസ്ഥമായി റായ്ബറേലിയിലും ബുന്ദേല്‍കണ്ഡിലും നടക്കാന്‍ പോകുന്ന നാലാം ഘട്ട വോട്ടെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് സാധ്യത. ഒ.ബി.സി, ദളിത് വോട്ടുകള്‍ നിര്‍ണായകമായ ഈ ഘട്ടത്തില്‍ ബി.എസ്.പിയുടെ തിരിച്ചുവരവാണ് ഏവരും ഉറ്റുനോക്കുന്നത്. 2012ലെ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ടിയാണ് ഇവിടെ മുന്നേറ്റമുണ്ടാക്കിയതെങ്കിലും ദളിത് വോട്ടുകള്‍ ഉറപ്പാക്കി ബി.എസ്.പി 15 സീറ്റ് പിടിച്ചിരുന്നു. എല്ലാ ജാതി വോട്ടുകളിലും ഭിന്നിപ്പിക്കുണ്ടാക്കി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പക്ഷെ, ഈ മേഖല ബി.ജെ.പി തൂത്തുവാരി. അന്ന് ബി.എസ്.പിക്ക് നഷ്ടമായ വോട്ടുകള്‍ ഇത്തവണ തിരിച്ചുവന്നില്ലെങ്കില്‍ മായാവതിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. യു.പിയില്‍ പകുതിയിലധികം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ സാമുദായിക ദ്രുവീകരണം ശക്തമാക്കിയാണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്. അഖിലേഷ്‌രാഹുല്‍ സഖ്യത്തിന്റെ രണ്ട് റാലികള്‍ ഇവിടെ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചരണത്തിന് എത്തി. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ റായ്ബറേലിയും നാലാം ഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവിടെ സോണിയാഗാന്ധി വിജയിച്ചെങ്കിലും ഇത്തവണ ബി.ജെ.പിയുടെ സ്വാധീനം ശക്തമാണ്. മാത്രമല്ല, സീറ്റുവിഭജനത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും എസ്.പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. സൗഹൃദ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ രാഹുലും അഖിലേഷും പ്രത്യേക റാലികളും നടത്തി. 680 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. പ്രതാപ്ഗഡ്, കൗശാമ്പി, അലഹബാദ് ഉള്‍പ്പടെ 12 ജില്ലകളിലാണ് മറ്റന്നാള്‍ വോട്ടെടുപ്പ്. പ്രതാപ്ഗഡ് ജില്ലയിലെ കുണ്ട മണ്ഡലത്തില്‍ പ്രാദേശിക മാഫിയ തലവനായ രാജ ഭയ്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഈ ഘട്ടത്തില്‍ മത്സരിക്കുന്നു.