തിരുവനന്തപുരം: തിരുവനന്തപുരത്തെ ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ ഉള്‍പ്പെടെ 12 പേരും പിടിലായതായി പൊലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നാളെ പൊലീസ് അപേക്ഷ നല്‍കും.

അക്രമിസംഘത്തിലുണ്ടായിരുന്ന വിപിന്‍, സിബി, മോനി, രതീഷ് എന്നിവരെയും പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ വിഷ്ണുമോഹന്‍ എന്നയാളെയുമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒന്നാംപ്രതി മണിക്കുട്ടന്‍ സുഹൃത്തുക്കളായ ഇവര്‍ രാജേഷിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും കല്ലമ്പളളിയില്‍ ഒത്തുചേരുകയും ചെയ്തു. അക്രമത്തിന് ശേഷം വിപിനും സിബിയും മോനിയും രതീഷും മംഗപുരത്തേക്ക് രക്ഷപ്പെട്ടു. മറ്റുള്ളവര്‍ ബൈക്കില്‍ കള്ളിക്കാട് പുലിപ്പാറയിലേക്ക് രക്ഷപ്പെട്ടു. പുലിപ്പാറയിലെത്തിയവരെ കേസിലെ മറ്റൊരു പ്രതിയായ സാജുവിന്റെ വീട്ടിലേക്ക് മാറ്റിയത് പന്ത്രണ്ടാം പ്രതിയായ വിഷ്ണുമോഹനനായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ ഉപയോഗിച്ച വെട്ടികത്തിയും ഇരുമ്പ് ദണ്ഡും പൊലീസ് കണ്ടെത്തി. മറ്റ് ആയുധങ്ങള്‍ കണ്ടെത്താനും ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാനും പ്രധാന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. മെഡിക്കല്‍ കോളജ് സിഐ ബിനുവിന്റെ നേതൃത്വത്തിലായിരുന്ന പ്രതികളെ കനത്ത സുരക്ഷയില്‍ കോടതിയിലേക്ക് മാറ്റിയത്.