നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കുടുങ്ങിയ ബാലന്‍ ശ്വാസം മുട്ടി മരിച്ചു

First Published 3, Apr 2018, 10:32 PM IST
5 year old gets locked up in abandoned car dies due to suffocation
Highlights

കാറിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി ഡോര്‍ തുറന്ന് അകത്ത് കയറുകയും പിന്നീട് പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിപ്പോവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൂനെ: നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കുടുങ്ങിയ ബാലന്‍ ശ്വാസം മുട്ടി മരിച്ചു. പൂനെയില്‍ ഇന്‍ഡസ്ട്രിയയില്‍ ഏരിയയിലാണ് സംഭവം. കാറിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി ഡോര്‍ തുറന്ന് അകത്ത് കയറുകയും പിന്നീട് പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിപ്പോവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിങ്കഴാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു സംഭവം. കരണ്‍ പാണ്ഡെ എന്ന അഞ്ച് വയസുകാരനാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ സ്വകാര്യ കമ്പനിയിലെ തൊഴിലാളികളാണ്. വൈകുന്നേരം മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. കളിസ്ഥലത്തിന് സമീപം ഒറ്റയ്ക്ക് നടക്കുന്നതിനിടെ കാറിനടുത്തെത്തി ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡ്രൈവറുടെ വശത്തുള്ള ഡോര്‍ തുറന്ന ശേഷം അകത്ത് കടന്നെങ്കിലും പിന്നീട് അകത്ത് നിന്ന് ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. കളിക്കാന്‍ പോയ കുട്ടി തിരികെ വരാത്തതിന് തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അഞ്ച് മണിക്കൂറോളം തെരച്ചില്‍ നടത്തി. ഇതിനിടെ ഒരു ബന്ധു കാറിനുള്ളിലേക്ക് നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. 

പ്രദേശത്ത് മാസങ്ങളായി ഈ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തുറസ്സായ സ്ഥലത്ത് ദീര്‍ഘനാളായി പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലെ ചൂടേറ്റ് കുട്ടിയുടെ ശരീരത്തില്‍ പൊള്ളലുണ്ടായിരുന്നു. വായു സഞ്ചാരമില്ലാത്തതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. കാറിന്റെ ഉടമയെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
 

loader