ഒഞ്ചിയം: ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്ന് അഞ്ച് വർഷം . ആർ.എം.പി പ്രവർത്തകർ ഇന്ന് ടിപി രക്തസാക്ഷിത്വ ദിനമായി ആചരിക്കുകയാണ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് ടിപിയുടെ ഭാര്യ കെ കെ രമ. കൊലപാതകത്തിന്‍റെ ആസൂത്രകര്‍ പിണറായി വിജയനും പി ജയരാജനുമാണെന്നും കേസന്വേഷണം അവരിലേക്ക് എത്താതെ അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും കെ കെ രമ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍റെ കൊലപതാകം നടന്ന് അഞ്ചാം വര്‍ഷത്തില്‍ മറ്റൊരു നിയമപോരാട്ടത്തിന് കെ കെ രമ തയ്യാറെടുക്കുകയാണ്. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.കഴിഞ്ഞ സര്‍ക്കാര്‍ ആയാവശ്യത്തെ പിന്തുണച്ച് കേന്ദ്രത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

ചന്ദ്രശേഖരന്‍ കൊലപാതകത്തെ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ അന്നത്തെ പ്രത്യേക അന്വേഷണസംഘത്തിന്‍റെ കൈയിലുണ്ടായിരുന്നുവെന്നും കെ കെ രമ പറയുന്നു.അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും പിജയരാജനും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ അന്വേഷണം അവരിലേക്ക് എത്താതെ അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും രമ ആരോപിക്കുന്നു.

ടി പി ചന്ദ്രശേഖരന്‍ കേസിന്‍റെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് എവിടെയെന്നും കെ കെ രമ ചോദിക്കുന്നു.ടി പി കേസില്‍ സ്വീകരിച്ച നടപടികളാണ് സെന്‍കുമാറിന്‍റെ ഇന്നത്തെ അവസ്ഥക്കിടയയാക്കിയതെന്നും കെ കെ രമ പറഞ്ഞു നിര്‍ത്തുന്നു.