ഒമ്പത് വയസ്സുകാരിയ്ക്ക് നേരെ അതിക്രൂര പീഡനം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ഒമ്പത് വയസ്സ് പ്രായമായ പെണ്‍കുട്ടിയെ 50 വയസ്സുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. വൈകീട്ട് മന്ന് മണിയോടെ പ്രതിയെ പിടികൂടണമെന്നതാണ് പ്രതിഷേധകരുടെ ആവശ്യം. 

കുഞ്ഞിന് വയറുവേദനയും രക്തസ്രവവും ഉണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചത്. ശരീരത്തില്‍ ഒന്നിലേറെ മുറിവുകളുള്ളതായി ഡോക്ടര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ കുഞ്ഞിനോട് ചോദിച്ചപ്പോഴാണ് ഓട്ടോറിക്ഷ ഡ്രൈവറായ അയല്‍വാസി തന്നെ ഉപദ്രവിച്ചതായി കുഞ്ഞ് പറഞ്ഞത്. 

പെണ്‍കുട്ടി ഇപ്പോള്‍ ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയ്ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ കണ്ടെത്തി തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധകര്‍ ടയറുകള്‍ കൂട്ടിയിട്ട് തീയിട്ടു. പ്രതിയുടെ മകനെയും ബന്ധുക്കളെയും പ്രിതഷേധകര്‍ ആക്രമിച്ചു. 

12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍‌ കുറഞ്ഞത് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന പോക്സോ നിയമഭേദഗതിയ്ക്ക് ഏപ്രിലിലാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. പരമാവധി ശിക്ഷയായി വധശിക്ഷ നല്‍കാനും ഭേദഗതിയില്‍ വ്യക്തമാക്കുന്നുണ്ട്. കൂട്ട ബലാത്സംഗത്തിന് ആജീവനാന്തം ജയില്‍ അല്ലെങ്കില്‍ വധശിക്ഷ ആകും നല്‍കുക.

12നും 16നും ഇടയില്‍ പ്രായമുളള കുട്ടികളെ പീഡിപ്പിച്ചാല്‍ കുറഞ്ഞ ശിക്ഷ 10 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കി. സ്ത്രീകളെ പീഡിപ്പിച്ചാല്‍ കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷത്തില്‍നിന്ന് 10 വര്‍ഷമാക്കിയിട്ടുണ്ട്. രാജ്യത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് നിയമഭേദഗതി കൊണ്ടുവന്നത്.