മല കയറാനെത്തുന്നവരുടെ പ്രായം അന്വേഷിച്ചിട്ടില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. 51 യുവതികൾ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തി എത്തി. ഇവർക്ക് സുരക്ഷ നൽകി. 

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ എത്തിയെന്ന് സ്ഥിരീകരിച്ച് ദേവസ്വംമന്ത്രി. ഓൺലൈൻ വഴി ബുക്ക് ചെയ്ത 51 പേരാണ് ശബരിമല കയറാൻ എത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥിരീകരിച്ചു. പത്തിനും അമ്പതിനുമിടക്ക് പ്രായമുള്ള സ്ത്രീകളാണ് ശബരിമലയിലെത്തിയത്. ഇതിന്റെ വിശദമായ പട്ടികയാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. 

7564 യുവതികൾ ഓൺലൈൻ വഴി ബുക്ക് ചെയ്തിരുന്നെന്നും കടകംപള്ളി പറഞ്ഞു. സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുർഗയും നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയിൽ സർക്കാർ പട്ടിക നൽകിയത്. കൂടുതൽ പേരും ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. 

പേരും ആധാർ കാർഡുമടക്കമുള്ള വിശദവിവരങ്ങളടങ്ങിയ പട്ടികയാണ് കോടതിയിൽ നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്.