തിരുവനന്തപുരം: പാറശ്ശാലയിലെ ബി ജെ പി പ്രവര്‍ത്തകന്‍ അനില്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറു പേര്‍ പിടിയില്‍.വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്തെ മരിയാപുരം സ്വദേശികളായ മനു, ബിനു, മനു, അരുണ്‍, സുധീഷ്, സനല്‍ എന്നിവരാണ് ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. അനിലിനെ കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലേക്ക് കടന്ന പ്രതികള്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പൊലീലിന്റെ പിടിയിലായത്. അനിലും മനുവും തമ്മില്‍ അത്തപ്പൂക്കളം ഇടുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് ഉണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ അനില്‍ ബിജെപിയില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയ പകപോക്കലാണ് കൊലപാതകം എന്നും സി പി ഐ എം പ്രവര്‍ത്തകരായ പ്രതികളെ പലരും സംരക്ഷികുകയാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു.