നെല്ലിനങ്ങള്‍, വിള സമയം, വിള ദൈര്‍ഘ്യം, കൃഷി രീതികള്‍, ഒരേക്കറിലെ ശരാശരി ഉല്‍പാദനം, ചെടിയുടെ ഉയരം, ഏക്കറില്‍ ശരാശരി വൈക്കോലുല്‍പാദനം, നെന്‍മണികളുടെ നിറം, നെല്ല് സംഭരണ സൂക്ഷിപ്പ് രീതി, അരിയുടെ നിറം, അരിയുടെ ആകൃതി നെല്ലിനത്തിന്റെ  ഉപയോഗങ്ങള്‍, കീടങ്ങളെ ചെറുക്കാനുളള കഴിവ്, വൈക്കോലിന്റെ ഗുണമേന്മ തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍വേ.

വയനാട്: ജില്ലയില്‍ കൃഷി ചെയ്തുകൊണ്ടിരിക്കുന്ന പരമ്പരാഗത നെല്ലിനങ്ങളുടെ പഠനവും സര്‍വേയും പൂര്‍ത്തിയായി. 62 ഇനം നെല്‍വിത്തുകള്‍ പാരമ്പര്യമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കര്‍ഷകര്‍ ഉപയോഗച്ചു വരുന്നതായി കണ്ടെത്തി. 

നെല്ലിനങ്ങള്‍, വിള സമയം, വിള ദൈര്‍ഘ്യം, കൃഷി രീതികള്‍, ഒരേക്കറിലെ ശരാശരി ഉല്‍പാദനം, ചെടിയുടെ ഉയരം, ഏക്കറില്‍ ശരാശരി വൈക്കോലുല്‍പാദനം, നെന്‍മണികളുടെ നിറം, നെല്ല് സംഭരണ സൂക്ഷിപ്പ് രീതി, അരിയുടെ നിറം, അരിയുടെ ആകൃതി നെല്ലിനത്തിന്റെ ഉപയോഗങ്ങള്‍, കീടങ്ങളെ ചെറുക്കാനുളള കഴിവ്, വൈക്കോലിന്റെ ഗുണമേന്മ തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍വേ.

ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെയും മൂന്ന് മുനിസിപ്പാലിറ്റികളിലെയും കര്‍ഷകരെ നേരില്‍ കണ്ടാണ് പഠന സംഘങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചത്. 62 വിത്തിനങ്ങള്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളും ഇവ സംരക്ഷിക്കുന്ന കര്‍ഷകരെയും കുറിച്ചുള്ള വിവരങ്ങള്‍ പഠനരേഖയില്‍ വിവരിച്ചിട്ടുണ്ട്. ഏറെയും പാടങ്ങളില്‍ നിന്ന് അന്യം നിന്നു കൊണ്ടിരിക്കുന്ന വിത്തുകളാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. 

Caption

ജൈവ രീതിയിലാണ് മുഴുവന്‍ വിത്തിനങ്ങളും കൃഷി ചെയ്ത് സംരക്ഷിക്കുന്നത്. ഗവേഷണ കേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രന്‍, ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.എച്ച് മെഹര്‍ബാന്‍, പിലിക്കോട് ആര്‍.എ.ആര്‍.എസിലെ പ്ലാന്റ് ബ്രീഡിങ് പ്രഫ.ഡോ.ടി.വനജ, അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.എന്‍.ഇ.സഫിയ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.കെ.റാണി എന്നിവരുടെ നേതൃത്വത്തില്‍ പടന്നക്കാട് കാര്‍ഷിക കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും, എച്ച്.എം.ബി. ജി സര്‍വകലാശാലയിലെ റാവെ വിദ്യാര്‍ഥികളും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. 

വയനാട്ടിലെ പരമ്പരാഗത കര്‍ഷകരായ ചെറുവയല്‍ രാമന്‍, പള്ളിയറ രാമന്‍, പി.കേളു, എച്ചോം ഗോപി തുടങ്ങിയവരും നെല്‍ വിത്ത് സംരക്ഷകരായ ടി. ഉണ്ണി കൃഷ്ണന്‍, പ്രസീത് കുമാര്‍, മോഹന്‍ ദാസ്, ചന്ദ്രന്‍, പി.സി.ബാലന്‍, എം.ജി.ഷാജി, ഷാജി ജോസ്, രാജേഷ് കൃഷ്ണന്‍, അജി തോമസ് എന്നിവരുമാണ് ഇത്തരത്തിലുള്ള കൂടുതല്‍ വിത്തിനങ്ങള്‍ കൃഷി ചെയ്യുന്നത്.

വിത്തുകളെയും മറ്റുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി 'വയനാടന്‍ നെല്ലിനങ്ങള്‍'എന്ന പേരില്‍ ഡയറക്ടറിയും പുറത്തിറക്കിയിട്ടുണ്ട്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, കൃഷി വിജ്ഞാന കേന്ദ്രം, കാസര്‍കോട് പീലിക്കോട്ടെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവ സംയുക്തമായാണ് സര്‍വേ സംഘടിപ്പിച്ചത്.