പെണ്‍കുട്ടിയെ മിഠായി നല്‍കിയാണ്  തട്ടിക്കൊണ്ടുപോയത്. വിചനമായ പ്രദേശത്തേക്ക് കൊണ്ടുപോയ കുട്ടിയെ അവിടെ വച്ച് ആക്രമിക്കുകയായിരുന്നു. 

ദില്ലി: സ്കൂളില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ഹരിയാനയിലെ റിവാരിയിലാണ് 35 കാരനായ രാജു പെണ്‍കുട്ടിയെ ആക്രമിച്ചത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളിയുടെ മകളായ പെണ്‍കുട്ടിയെ മിഠായി നല്‍കിയാണ് തട്ടിക്കൊണ്ടുപോയത്. വിചനമായ പ്രദേശത്തേക്ക് കൊണ്ടുപോയ കുട്ടിയെ അവിടെ വച്ച് ആക്രമിക്കുകയായിരുന്നു. അമിത രക്തസ്രാവവുമായി വീട്ടിലെത്തിയ കുട്ടിയെ രക്ഷിതാക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. സ്വകാര്യഭാഗങ്ങളിലേറ്റ മുറിവിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. പോക്സോ നിയമപ്രകാരം പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്തു. 

ഒരു മാസം മുമ്പാണ് റിവാരിയില്‍ 19 കാരിയായ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കോച്ചിംഗ് ക്ലാസിന് പോകുകയായിരുന്ന പെണ്‍കുട്ടിയെ സെപ്തംബര്‍ 12നാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ സിബിഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടി, പ്രസിഡന്‍റിന്‍റെ അവാർഡ് നേടിയ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയ്ക്ക് ഹരിയാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കുടുംബം നിരസിച്ചു. പണം വേണ്ട, നീതി മതിയെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു.