ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് മുറാദ് നഗർ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു.  

ഗാസിയാബാദ്: മുറാദ് നഗറിൽ പള്ളിയുടെ മേൽക്കൂരയിൽനിന്ന് ഏഴു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ചാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് മുറാദ് നഗർ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു.

വൈകുന്നേരം 6.30ന് പ്രാർഥനയ്ക്കെത്തിയ സുലൈമാൻ എന്നയാളാണ് മേൽക്കൂരയിൽനിന്നും മൃതദേഹം അടങ്ങിയ ബാഗ് ആദ്യം കണ്ടത്. മൃതദേഹം തിരിച്ചറിഞ്ഞ ഇയാൾ കുട്ടിയുടെ കുടുംബത്തെയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ തെളിവുകൾക്കായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും എസ്പി അറിയിച്ചു.

അതേസമയം, രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. മുറാദിലെ പ്രാദേശിക കൗൺസലറായ ആസാസ് ബെയ്ഗിനെതിരെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആസാസിനെതിരെ പെൺകുട്ടിയുടെ അമ്മാവനാണ് മത്സരിക്കുന്നത്, ഇതിനെ തുടർന്ന് ആസാസ് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പിതാവ് ആരോപിച്ചു.