സ്കൂളിലെ ആദ്യ ദിവസം ഏഴ് വയസ്സ് കാരിയ്ക്ക് പീഡനം ആക്രമിച്ചത് 'ഭയ്യ'യെന്ന് പെണ്‍കട്ടി
ചത്തീസ്ഖണ്ഡിന്റെ തലസ്ഥാനമായ റായ്പൂരില് ഏഴ് വയസ്സുകാരിയെ സ്കൂളില് വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. സ്കൂളിലെ ആദ്യ ദിനമാണ് കുട്ടിയ്ക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് രക്ഷിതാക്കള് പൊലീസില് നല്കിയ പരാതിയില് പറയുന്നു. സംഭവത്തില് കേസെടുത്ത പൊലീസ് സ്കൂളിലെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച് വരികയാണ്. പരാതിയില് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കുട്ടി വീട്ടിലെത്തിയപ്പോള് അടിവസ്ത്രം ഉണ്ടായിരുന്നില്ലെന്നും സ്വകാര്യ ഭാഗങ്ങളില് മുറിവേറ്റിരുന്നതായും രക്തം കണ്ടതായും അമ്മ മനസ്സിലാക്കിയതിനെ തുടര്ന്നാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ചത്.
കുട്ടി സ്കുളില് പോയ ആദ്യ ദിവസമായതിനാല് അവളെ കാണാന് ശ്രമിച്ചെങ്കിലും സ്കൂള് അധികൃതര് അനുവദിച്ചിരുന്നില്ല. പിന്നീട് അവള് വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്പ്പെട്ടത്; കുട്ടിയുടെ അച്ഛന് എഎൻഐ വാര്ത്താ ഏജന്സിയോട് പറഞ്ഞു.
'ഭയ്യാ' ആക്രമിച്ചുവെന്നാണ് കുട്ടി അമ്മയോട് പറഞ്ഞത്. എന്നാല് കുഞ്ഞ് ശുചിമുറിയില് പോയതിന് ശേഷം അടിവസ്ത്രം ഊരി വലിച്ചെറിഞ്ഞത് കണ്ടതായി പ്യൂണ് പറഞ്ഞു. സംഭവത്തില് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
