Asianet News MalayalamAsianet News Malayalam

ഫ്രാന്‍സില്‍ ഭീകരാക്രമണം; 80 പേര്‍ മരിച്ചു

76 killed in france terror attack
Author
First Published Jul 14, 2016, 2:01 PM IST

പാരീസ്: ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം. വ്യാഴാഴ്ച രാത്രിയിലാണ് ഫ്രാന്‍സിലെ നൈസില്‍ ട്രക്കിലെത്തിയ അക്രമി ആള്‍കൂട്ടത്തിന് നേരെ വാഹനമിടിച്ച് കയറ്റിയത്. 80 പേര്‍ മരിച്ചു. നൂറുകളക്കിനാളുകള്‍ക്ക് പരിക്കേറ്റു. ട്രക്ക് ഡ്രൈവര്‍ ആള്‍കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതായും ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തി.

 

ഫ്രാന്‍സിന്റെ ദേശീയ ദിനമായ ജൂലൈ 14 രാത്രിയിലാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ആയിരക്കണക്കിനാളുകളാണ്  ബാസ്റ്റില്‍ ദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് നൈസ് നഗരത്തില്‍ തടിച്ചുകൂടിയത്. കരിമരുന്ന് പ്രയോഗവും മറ്റും കണ്ടുകൊണ്ടിരുന്ന ആളുകള്‍ക്കിടയിലേക്കാണ് അമിത വേഗതയിലെത്തിയ വലിയ ട്രക്ക് ഇടിച്ച് കയറിയത്. അപകടമല്ല കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു അത്. നൂറുകണക്കിനാളുകളെ ട്രക്ക് ഇടിച്ചു തെറിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ നിന്ന് ഡ്രൈവര്‍ ആള്‍കൂട്ടത്തിന് നേരെ ട്രക്കിലിരുന്ന് കൊണ്ട് തന്നെ വെടിവച്ചു. തുടര്‍ന്ന് പൊലീസ് ട്രക്കിന് നേരെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ് ട്രക്ക് ഡ്രൈവര്‍ മരിച്ചു. ട്രക്കിനുള്ളില്‍ നിന്ന് നിരവധി തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തു. ആക്രമണത്തെ തുടര്‍ന്ന് പരിഭ്രാന്തിയിലായ ജനങ്ങള്‍ തെരുവിലൂടെ ഓടി രക്ഷപെടുന്ന മൊബൈല്‍ ക്യാമറാദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

നടന്നത് ഭീകരാക്രമണമാണെന്ന് ഫ്രാന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സെ ഒലന്ദ് വിദേശയാത്ര വെട്ടിച്ചുരുക്കി ഫ്രാന്‍സിലേക്ക് തിരിച്ചു. ഇസ്ലമിക് സ്റ്റേറ്റാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ടെങ്കിലും അരും തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ഫ്രാന്‍സ് തുടര്‍ച്ചയായി തീവ്രവാദികളുടെ ആക്രമണത്തിന് ഇരയാവുകയാണ്. ഇക്കഴിഞ്ഞ നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണത്തില്‍ 130 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios