ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ശക്തമായ മഴയും വെള്ളപ്പൊക്കവും.ഗുണ്ടൂരിൽ ഏഴ് പേർ മരിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് ഹൈദരാബാദിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സർക്കാർ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് തെലങ്കാനയുടേയും ഹൈദരാബാദിന്റേയും പല ഭാഗങ്ങളിലും വെള്ളം കയറി.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ശക്തമായ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ എട്ടുപേർ മരിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർ‍ന്ന് അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.വെള്ളപ്പൊക്കത്തിൽ പാളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ഗുണ്ടൂരിനും സെക്കന്തരാബാദിനുമിടിയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു.

സൈബറാബാദിൽ ഐടി കമ്പനികളും പ്രവർത്തിക്കുന്നില്ല.നഗരത്തിലുള്ള ഹുസൈൻ സാഗർ തടാകം കവിഞ്ഞൊഴുകുകയാണ്. അടിയന്തര യോഗം ചേ‍ർന്ന് സ്ഥിതി വിലയിരുത്തിയ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു രക്ഷാപ്രവ‍ർ‍ത്തിന് സൈന്യത്തിന്റെ സഹായം തേടി.അടുത്ത രണ്ട് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.