കുട്ടിയുടെ ശ്വാസനാളത്തിന് ഗുരുതരമായ പരിക്ക് പറ്റിയതായും സംസാര ശേഷി നഷ്ടപ്പെട്ടെന്ന് സംശയിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അഹമ്മദ്‌നഗര്‍: കണക്ക് തെറ്റിച്ചതിന് രണ്ടാം ക്സാസുകാരന്റെ തൊണ്ടയില്‍ അധ്യാപകന്‍ വടി കുത്തിയിറക്കി. മരാരാഷ്ട്രയിലെ പിംപല്‍ഗാവ് ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സ്കൂളിലായിരുന്നു സംഭവം.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ രോഹന്‍ ഡി ജാഞ്ചിരയാണ് അധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായത്. കുട്ടിയുടെ ശ്വാസനാളത്തിന് ഗുരുതരമായ പരിക്ക് പറ്റിയതായും സംസാര ശേഷി നഷ്ടപ്പെട്ടെന്ന് സംശയിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. പൂനെ സിറ്റി ഹോസ്‍പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്ലാസില്‍ കണക്ക് തെറ്റിച്ചപ്പോള്‍ ദേഷ്യം വന്ന അധ്യാപകന്‍ കൈയിലുണ്ടായിരുന്ന വടി തൊണ്ടയില്‍ കുത്തിയിറക്കുകയായിരുന്നു. രക്തം പുറത്തേക്ക് ചീറ്റിയത് കണ്ട് പരിഭ്രാന്തരായ മറ്റ് കുട്ടികള്‍ നിലവിളിച്ചപ്പോഴാണ് മറ്റ് അധ്യാപകര്‍ ക്ലാസിലേക്ക് ഓടിയെത്തിയത്. ഉടന്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായതിനാല്‍ പൂനെയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.