ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 80 തീവ്രവാദികളെ വധിച്ചതായി സൈന്യം. തെക്കന്‍ കശ്മീരില്‍ 115 തീവ്രവാദികള്‍ ആക്രമണത്തിന് സജ്ജരായി നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.

കഴിഞ്ഞ ആറ് മാസത്തിനിടെ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച 80 തീവ്രവാദികളെ വധിച്ചതായാണ് സൈന്യം വിവരം പുറത്തുവിട്ടത്. ആക്രമണത്തിന് തയ്യാറായി 115 തീവ്രവാദികള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടെന്നും ഇവരില്‍ 99 പേരും കശ്മീര്‍ സ്വദേശികളാണെന്നും സൈന്യം പറയുന്നു. മേഖലയില്‍ വര്‍ധിച്ചു വരുന്ന ആക്രമണ സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പ്രദേശവാസികള്‍ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് കൂടി വരികയാണ്. യുവതലമുറ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്ന നില്‍ക്കണമെന്നും കീഴടങ്ങാന്‍ തയ്യാറുള്ള തീവ്രവാദികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുമെന്നും സൈന്യം വ്യക്തമാക്കി. 

നുഴഞ്ഞുകയറ്റം വര്‍ധിച്ചതിനു പുറമേ അതിര്‍ത്തില്‍ പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതും തുടര്‍ക്കഥയായ സാഹചര്യത്തില്‍ മേഖലയില്‍ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനന്ത്നാഗ്, ബാരാമുള്ള, ഹന്ദ്വാര, കുപ്‍വാര, പൂഞ്ച്, പുല്‍വാമ രജൗരി, ഷോപ്പിയാന്‍, ഉറി, തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. നുഴഞ്ഞുകയറുന്നതിനായി 291 തീവ്രവാദികള്‍ അതിര്‍ത്തിക്കപ്പുറം തയ്യാറാവുന്നുണ്ടെന്നും 56 നുഴഞ്ഞു കയറ്റശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തിയതായും കഴിഞ്ഞ മാസം സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.