കൊട്ടാരക്കര: കൊല്ലം ചിതറയില്‍ 90 വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മന്ദിരംകുന്ന് സ്വദേശിനി ജാനമ്മയാണ് മരിച്ചത്, കഴുത്തറുത്ത നിലയില്‍ വീടിന്റെ അടുക്കള ഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്.പൊലീസ് അന്വേഷണം ആരംഭിച്ചു.

മന്ദിരംകുന്നിലെ ചെറുമകന്‍ അനില്‍കുമാറിന്റെ വീട്ടിലാണ് ജാനമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ കുറെനാളായി ഈ വീട്ടിലാണ് ജാനമ്മ താമസിച്ചിരുന്നത്. ജാനമ്മയുടെ മകള്‍ തങ്കമ്മയും അനില്‍കുമാറിന്റെ മകള്‍ സിജിയും രണ്ട് കുട്ടികളുമാണ് വീട്ടില്‍ താമസിക്കുന്നത്.രാവിലെ മകള്‍ തങ്കമ്മ റബ്ബര്‍ വെട്ടുന്നതിനായും സിജി കുട്ടികളെ സ്‌കൂളിലേക്ക് വിടുന്നതിനായും പോയിരുന്നു. തിരിച്ചെത്തിയ സിജിയാണ് ജാനമ്മ കഴുത്തറുത്ത് മരിച്ചനിലയില്‍ കിടക്കുന്നത് കണ്ടത്.

അടുക്കളയിലെ കറിക്കത്തി എടുത്താണ് കഴുത്തറുത്തത്. കത്തി സംഭവ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു... പൊലീസും വിരലടയാള വിദഗ്ദരും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. തൊട്ടടുത്ത് മറ്റ് വീടുകള്‍ ഉള്ളതിനാലും വീട്ടില്‍ മോഷണശ്രമമോ പിടിവലികളുടെ ലക്ഷണമോ ഇല്ലന്നും പൊലീസ് പറഞ്ഞു.