ബെംഗളൂരു: മീന്‍ കഴിച്ച് ക്ഷേത്രത്തില്‍ കയറുന്നതില്‍ തെറ്റില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . മീന്‍കറിയും ചിക്കനും കഴിച്ച് കുളിക്കാതെ ക്ഷേത്രത്തില്‍ കയറിയെന്നാണ് സിദ്ധരാമയ്ക്ക് നേരെയുള്ള ആരോപണം. ഇത് ക്ഷേത്രാചാരത്തിന് വിരുദ്ധമാണെന്ന് ഉയര്‍ത്തികാണിച്ച് ചിലര്‍ രംഗത്ത് എത്തിയതോടെ സംഭവം വിവാദമായി.

 മുഖ്യമന്ത്രി മീന്‍ കൂട്ടി ഊണ് കഴിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മസ്ഥലത്ത് പ്രസിദ്ധമായ ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രത്തിലാണ് തിങ്കളാഴ്ച മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. ഇതിന് തൊട്ടുമുന്‍പ് മീന്‍കൂട്ടി ഉച്ചഭക്ഷണം കഴിച്ചിരുന്നു ഇതാണ് വിവാദമായിരിക്കുന്നത്. മന്ത്രി ഡി കെ ശിവകുമാറും ഭക്ഷണം കഴിക്കുന്ന സമയത്ത് സിദ്ധരാമയ്യുടെ കൂടെ ഉണ്ടായിരുന്നു. വിശ്വാസികളെ വ്രണപ്പെടുത്തുന്ന നീക്കമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതന്നാണ് ആരോപണം. 

 അതേസമയം മീന്‍ കൂട്ടി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. നോണ്‍ വെജിറ്റേറിയന്‍ കഴിച്ച് ക്ഷേത്രത്തില്‍ വരരുതെന്ന് ഒരു ദൈവവും ഭക്തരോട് പറഞ്ഞിട്ടില്ലയെന്നാണ് സിദ്ധരാമയ്യ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.