ബഹിരാകാശമാലിന്യനിർമ്മാർജനത്തിന് എന്താണ് വഴി. മനുഷ്യൻ ഇതാലോചിക്കാൻ തുടങ്ങിയിട്ട് നാളുകളായി.  ഇന്ത്യയിൽ നിന്ന് അതിനൊരു ഉത്തരം കണ്ടെത്തുകയാണ്.

A HUG IN SPACE, ഒരു ബഹിരാകാശ ആലിംഗനം

തിരുവനന്തപുരം/ഹൈദരാബാദ് : ബഹിരാകാശത്ത് കൂടി നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്ന പ്രവർത്തന രഹിതമായ ഒരു ഉപഗ്രഹം, അതിനടുത്തേക്ക് മറ്റൊരു കുഞ്ഞൻ ഉപഗ്രഹം ഒഴുകിയെത്തുന്നു, നീരാളിക്കൈകള്‍ കൊണ്ട് ആലിംഗനം ചെയ്യുന്നു. പിന്നെ മരിച്ച് മരവിച്ചയാ ഉപഗ്രഹശരീരത്തെ വലിച്ച് ഭൂമിയോട് അടുപ്പിക്കുന്നു. എന്നിട്ട് പിടിവിട്ട് ദൂരേക്ക് മാറുന്നു. ഭൂഗുരുത്വം മരിച്ച ഉപഗ്രഹത്തെ തന്നിലേക്ക് വലിച്ചടുപ്പിക്കും, അന്തരീക്ഷ ഘർഷണം അതിനെ എരിച്ച് കളയും. ഹൈദരാബാദ് ആസ്ഥാനമായ കോസ്മോസേ‌ർവ് എന്ന പുത്തൻ ബഹിരാകാശ സ്റ്റാ‌ർട്ടപ്പ് അതിവിദൂരമല്ലാത്ത ഭാവിയിൽ യാഥാർത്ഥ്യമാക്കാനാഗ്രഹിക്കുന്ന സ്വപ്നമാണിത്. ഈ ആശയത്തിൻ്റെ ആദ്യ പരീക്ഷണം ഉടൻ നടക്കാൻ പോവുകയാണ്. സ്കൈറൂട്ട് എയറോസ്പേസിന്റെ വിക്രം 1 വിക്ഷേപണത്തിലാണ് കോസ്മോവേ‌ർസിന്റെ എംബ്രേസ് ദൗത്യം ബഹിരാകാശത്തേക്ക് പോകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോസ്മോസേർവിനെ പറ്റി കൂടുതൽ പറയും മുമ്പ് അവരടക്കം കമ്പനികൾ പരിഹാരം കാണാൻ ശ്രമിക്കുന്ന പ്രശ്നമെന്തെന്ന് ചുരുക്കി പറയാം.

തലവേദനയാണ് ബഹിരാകാശ മാലിന്യം

1957ൽ സ്പുട്നിക്ക് വിക്ഷേപണത്തോടെയാണ് ബഹിരാകാശയുഗത്തിൻ്റെ തുടക്കം. അന്ന് മുതൽ ഈ വർഷം ജൂൺ ഇരുപത്തിയഞ്ച് വരെയുള്ള കണക്കെടുത്താൽ ലോകത്താകെ നടന്നത് 7270 റോക്കറ്റ് വിക്ഷേപണങ്ങള്‍. ഭൂ ഭ്രമണപഥത്തിൽ പ്രവേശിച്ചത് 26890 ഉപഗ്രഹങ്ങള്‍. അതിലിപ്പോഴും ബഹിരാകാശത്തുള്ളവ 18340 എണ്ണം. അതിൽ പ്രവർത്തനക്ഷമമായിട്ടുള്ളത് 15900ഓളം ഉപഗ്രഹങ്ങള്‍. ഉപയോഗശൂന്യമായ ഉപഗ്രങ്ങളിൽ തകരാതെ ബാക്കിയായവയും പൊട്ടിച്ചിതറി ചെറു കഷ്ണങ്ങളായവയുമുണ്ട്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കണക്കനുസരിച്ച് ഒരു സെന്റീമീറ്ററിനും പത്ത് സെന്റീമീറ്ററിനും ഇടയിൽ വലിപ്പമുള്ള ബഹിരാകാശ മാലിന്യമായി കണക്കാക്കാവുന്ന വസ്തുക്കൾ 12 ലക്ഷത്തിലേറെ വരും. ഒരു മില്ലിമീറ്ററിനും ഒരു സെന്റീമീറ്ററിനും ഇടയിൽ വലിപ്പമുള്ള വസ്തുക്കൾ 14 കോടിയിലേറേയും!

ഈ കുഞ്ഞൻ കഷ്ണങ്ങളാണ് എറ്റവും വലിയ പ്രശ്നം. അവ വന്നിടിച്ചാൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങൾക്ക് കേടുവരും. ഉപയോഗ ശൂന്യമായ ഉപഗ്രഹങ്ങൾ ദീ‌‌‌ർഘകാലം ബഹിരാകാശത്ത് തുട‌‌ർന്നാൽ കാലപ്പഴക്കം കൊണ്ട് തന്നെ അവ തക‌ർന്ന് ചെറു കഷ്ണങ്ങളായി മാറുകയും ചെയ്യും. അതിനും മുൻപ് അവയെ നീക്കം ചെയ്യേണ്ടത് അതിനാൽ തന്നെ അത്യാവശ്യവുമാണ്.

കോസ്മോസേർവിൻ്റെ പദ്ധതി

രണ്ട് ഉപഗ്രഹങ്ങള്‍ ചേർ‌ന്നതാണ് കോസ്മോസേ‌ർവിൻ്റെ ബഹിരാകാശ മാലിന്യ നിർമാർജന പദ്ധതി. മദ‌‌ർ ക്രാഫ്റ്റും റിവൈവറും. ഇതിൽ റിവൈവ‌‌ർ ഉപഗ്രഹത്തിൽ പ്രത്യേകം ഡിസൈൻ ചെയ്ത റോബോ കൈകളുണ്ട്. അത് വച്ചാണ് പഴഞ്ചൻ ഉപഗ്രഹങ്ങളെ പിടിക്കാൻ പോകുന്നത്. ഭൂമിയിൽ നിന്ന് 550 മുതൽ 600 കിലോമീറ്റർ വരെ ഉയരത്തിൽ ഒരു നി‌ർദ്ദിഷ്ട ഭ്രമണപഥത്തിലാകും മദ‌ർ ക്രാഫ്റ്റ് നിലയുറപ്പിക്കുക. റിവൈവ‌ർ മദറുമായി ഒട്ടിച്ചേ‌ർന്ന് കിടക്കും. ഏതെങ്കിലും ഒരു ഉപഗ്രഹത്തെ നീക്കം ചെയ്യാൻ നിർദ്ദേശം കിട്ടുമ്പോൾ റിവൈവ‌ർ മദറിൽ നിന്ന് വേ‌ർപ്പെട്ട് ആ ഉപഗ്രഹത്തിനടുത്തേക്ക് നീങ്ങും. എന്നിട്ട് ലക്ഷ്യമിട്ട വസ്തുവിനെ കൈകൾ കൊണ്ട് പിടിച്ച് റിവൈവറിലെ എഞ്ചിൻ പ്രവർത്തിപ്പിച്ച് വളരെ താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്ക് വലിച്ചുകൊണ്ടുപോകും. ഭൂമിയിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ചാൽ പിന്നെ ബാക്കി ജോലി ഭൂഗുരുത്വവും അന്തരീക്ഷവും ചേർന്ന് ചെയ്തുകൊള്ളും. ജോലി പൂർത്തിയാക്കിയാൽ റിവൈവ‌‌ർ മദറിലേക്ക് മടങ്ങും. ഒരു മദ‌ർ - റിവൈവ‌ർ കൂട്ടുകെട്ട് വ‌ർഷങ്ങളോളും ഭ്രമണപഥത്തിൽ തുടരും.

കോസ്മോസേ‌ർവിൻ്റെ പദ്ധതി പല ഓർബിറ്റൽ ഇൻക്ലിനേഷനുകളിലായി (പരിക്രമണ ചെരിവ്) അഞ്ച് മുതൽ ആറ് വരെ മദ‌ർ - റിവൈവ‌ർ സംഘങ്ങളെ സ്ഥാപിക്കലാണ്. തുടക്കം ഉപഗ്രഹങ്ങളെ നശിപ്പിച്ചുകൊണ്ടാകുമെങ്കിലും ഒരു പടി കൂടി കടന്നാൽ മരണാസന്നരായ ഉപഗ്രഹങ്ങള്‍ക്ക് ആയുസ്സ് നീട്ടി നൽകാനും അവർ ലക്ഷ്യമിടുന്നുണ്ട്. റിവൈവറിനെ വച്ച് കേടായ ഉപഗ്രഹങ്ങളെ നന്നാക്കുന്നതും, ഇന്ധനം തീ‌ർന്നവയിൽ കൂടുതൽ ഇന്ധനം നിറച്ച് കൊടുക്കുന്നതും അടക്കം സാധ്യതകളാണ് പരിഗണനയിലുള്ളത്.

എല്ലാ അർത്ഥത്തിലും ബഹിരാകാശ മാലിന്യമെന്ന വലിയ തലവേദനയ്ക്ക് ഒരു ഇന്ത്യൻ പരിഹാര പദ്ധതിയാണ് കോസ്മോസേ‌ർവിൻ്റേത്. ആ​ഗോളതലത്തിൽ തന്നെ Active Debris Removal (ADR) technology രം​ഗത്ത് പ്രവ‌ർത്തിക്കുന്ന വിരലിലെണ്ണാവുന്ന കമ്പനികളിലൊന്ന്.

2025 ഡിസംബറിൽ ജന്മം കൊണ്ട കോസ്മോസേ‌‌ർവ് നാല് മാസം കൊണ്ട് റിവൈവ‌ർ പേടകത്തിലുപയോഗിക്കാൻ പോകുന്ന റോബോ കൈകളുടെ പ്രാഥമിക ഡിസൈൻ പൂർത്തിയാക്കി. ആ ഡെമോ കൈകള്‍ രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ വിക്ഷേപണത്തിൻ്റെ ഭാഗമായാണ് ബഹിരാകാശത്തേക്ക് പോകുന്നത്. സ്കൈറൂട്ട് എയറോസ്പേസിൻ്റെ ഈ മാസം നടക്കുന്ന വിക്രം 1 വിക്ഷേപണത്തിൽ. അതാണ് എംബ്രേസ് ദൗത്യം.

എംബ്രേസ് പേടകം വിക്രം 1ൽ നിന്ന് വേർപ്പെടില്ല. റോക്കറ്റിൻ്റെ പേ ലോഡ് ബേയിൽ ഇരുന്ന് തന്നെ സാങ്കേതിക വിദ്യയുടെ പ്രവ‌ർത്തനക്ഷമത വിലയിരുത്തും. റോക്കറ്റിൽ നിന്ന് തന്നെ വേർപ്പെടുന്ന ഒരു കുഞ്ഞൻ വസ്തുവിനെ എംബ്രേസിൻ്റെ കൈകൾ പിടിച്ചെടുക്കുന്നതാണ് പരീക്ഷണം. 120 സെക്കൻഡോളമാണ് ദൗത്യം നടപ്പാക്കാൻ കോസ്മോസേ‌ർവിന് കിട്ടുകയെന്ന് കോസ്മോസേ‌ർവ് സ്ഥാപകനും സിഇഒയുമായ ഡോ.ചിരഞ്ജീവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഐഎസ്ആ‌ർഒയിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിൽ നിന്ന് ഗഗൻയാൻ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ട‌ർ സ്ഥാനമുപേക്ഷിച്ചാണ് ആന്ധ്രപ്രദേശ് ഏലൂ‌ർ സ്വദേശിയായ ചിരഞ്ജീവി ഇങ്ങനൊരു സ്വപ്നം യാഥാർത്ഥ്യമാക്കാനിറങ്ങി തിരിച്ചത്.

ഹൈദരാബാദ് ആസ്ഥാനമായ കോസ്മോസേർവ് നിലവിൽ 18 പേരടങ്ങുന്ന ചെറു സംഘമാണ്. ഈ മാസം അവസാനത്തോടെ അത് മുപ്പതിലേക്ക് വളരും. എംബ്രേസ് ദൗത്യത്തിന് 2027ൽ തുടർച്ചയുണ്ടാകും. 2030ഓടെ സമ്പൂർണ്ണ മദർ - റിവൈവ‌ർ ഉപഗ്രഹ കൂട്ടുകെട്ടുകൾ ബഹിരാകാശത്തെത്തിക്കാനാണ് ശ്രമം.

തുടക്കത്തിൽ ഇന്ത്യൻ സ്റ്റാർട്ടപ്പായ പിക്സൽ സ്പേസിൽ നിന്നാണ് കോസ്മോസേർവ് ഉപഗ്രഹ ചട്ടക്കൂട് (സാറ്റലൈറ്റ് ബസ്) വാങ്ങുന്നത്. കൂടുതൽ വലിയ ഉപഗ്രഹങ്ങള്‍ സ്വന്തമായി വികസിപ്പിക്കാനും കമ്പനി ആലോചന തുടങ്ങിയിട്ടുണ്ട്. ഉപഗ്രഹത്തിലുപയോഗിക്കുന്ന പ്രൊപ്പൽഷൻ സിസ്റ്റത്തിനായി നെതർലാൻഡ്സ് ആസ്ഥാനമായ ഡോൺ എയ്‌റോസ്‌പേസുമായി ധാരണയിൽ ഒപ്പിട്ടിട്ടുണ്ട്.

വെല്ലുവിളികളും ഏറെയാണ്

അതിവേഗം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളെ റിവൈവർ ഓടിപ്പിടിക്കണം. അതിന് കാര്യമായി ഇന്ധനച്ചെലവുണ്ട്. പഴയ ഉപഗ്രഹത്തിന്റെ വേഗവും റിവൈവറിന്റെ വേഗവും കൃത്യമല്ലെങ്കിൽ കൂട്ടിയിടിയുണ്ടാകും. ഉപഗ്രഹങ്ങൾ തകർന്ന് ചെറു കഷ്ണങ്ങളായി ബഹിരാകാശത്ത് വ്യാപിക്കും. ഏത് പ്രശ്നം പരിഹരിക്കാനാണോ ശ്രമിച്ചത് അത് കൂടുതൽ വഷളാകും. സുരക്ഷിതമായി ഉപഗ്രഹത്തെ പിടിച്ചെടുത്ത് താഴ്ന്ന ഭ്രമണപഥത്തിലേക്ക് മാറ്റിയ ശേഷം റിവൈവറിനെ ഉയർത്താൻ പിന്നെയും ഇന്ധനച്ചെലവുണ്ട്. അതിനാൽ തന്നെ പ്രൊപ്പൽഷൻ സാങ്കേതിക വിദ്യയിലടക്കം മുന്നേറ്റമുണ്ടാക്കണം ആശയം വിജയിക്കാൻ.

ഐഎസ്ആർഒയിൽ നിന്ന് സ്റ്റാർട്ടപ്പിലേക്ക്

ഐഐടി കാൺപൂരിൽ നിന്ന് ബിരു​ദാനന്തര ബിരുദം പൂ‌ത്തിയാക്കിയ ചിരഞ്ജീവി 2010ലാണ് ഐഎസ്ആ‌ർഒയിലെത്തുന്നത്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലായിരുന്നു ആദ്യ നിയോ​ഗം. അവിടെ വച്ചാണ് ബഹിരാകാശ മാലിന്യമെന്ന വലിയ പ്രശ്നത്തിൽ ആദ്യം ശ്രദ്ധ പതിയുന്നത്. വിഎസ്എസ്‍സിയിലെ ചിരഞ്ജീവിയുടെ ഉന്നത ഉദ്യോ​ഗസ്ഥനായ ഡോ. ബി.ദീപ്രേന്ദ്രനായിരുന്നു നിമിത്തവും പ്രചോദനവും, ഓ‌ർബിറ്റൽ ഡെബ്രിസിനെ (ഒഴുകി നടക്കുന്ന ബഹിരാകാശ മാലിന്യം) എങ്ങനെ നേരിടാം എന്നതിനെ പറ്റി ചിന്തിക്കാൻ ദീപേന്ദ്രൻ ചിരഞ്ജീവിയോട് ആവശ്യപ്പെട്ടു . പിന്നീട് ഐഎസ്ആ‌ർഒ ടെലിമെട്രി , ട്രാക്കിം​ഗ് ആൻഡ് കമാൻഡ് നെറ്റ്വ‌ർക്ക് മേധാവിയായ ഡോ.എ.കെ. അനിൽകുമാ‌ർ ചിരഞ്ജീവിയുടെ മാ‌​ർ​ഗ​ദർശിയായി. ബഹിരാകാശ മാലിന്യത്തെ പറ്റി ആഴത്തിൽ പഠിച്ച ഡോ.അനിൽകുമാറാണ് ഐഎസ്ആർഒയിലെ NETRA (Network for Space Object Tracking and Analysis) പ്രൊജക്ട് യാഥാ‌ർത്ഥ്യമാക്കിയത്. ബഹിരാകാശത്ത് കൂടി ഒഴുകി നടക്കുന്ന തീരെ ചെറിയ വസ്തുക്കളെ പോലും ട്രാക്ക് ചെയ്യാൻ കെൽപ്പുള്ള നിരീക്ഷണ സംവിധാനമാണ് ഇത്. ഇവരുമായുള്ള ച‌‌ർച്ചകളും ആശയസംവാദങ്ങളുമാണ് പിന്നീട് കോസ്മോസേ‌ർവ് എന്ന സ്വപ്നമായി വളർന്നത്.

പിന്നീട് ചിരഞ്ജീവി ​ഗ​ഗൻയാൻ പദ്ധതിയുടെ ഭാ​ഗമായി മാറിയപ്പോഴും ബഹിരാകാശ മാലിന്യം ഒരു പ്രധാന വിഷയമായി. ബഹിരാകാശ യാത്രാ പേടകത്തെ ഒഴുകി നടക്കുന്ന കുഞ്ഞന വസ്തുക്കളിൽ നിന്ന് സംരക്ഷിക്കാൻ സംവിധാനം വേണം, വഴി തെറ്റി വരുന്ന കുഞ്ഞൻ ഉപ​ഗ്രഹ ഭാ​ഗങ്ങൾ മനുഷ്യ യാത്രാ ദൗത്യങ്ങളെ പ്രശ്നത്തിലാക്കാറുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് തന്നെ ഇങ്ങനെ 'മാലിന്യം' വന്നിടിച്ച് കേടുപാടുകൾ പറ്റിയിട്ടുണ്ട്. 2025ൽ ചിരഞ്ജീവി ഐഎസ്ആർഒയിൽ നിന്ന് രാജിവച്ച് സ്വന്തം സ്ഥാപനം തുടങ്ങി.