സ്വകാര്യ ബസ്സുകള്‍ വാടകക്കെടുക്കുന്നത് ആശയം മാത്രം സ്വകാര്യവത്കരണത്തിന് ബ്ലാങ്ക് ചെക്കില്ല യൂണിയനുകളുടെ ആശങ്കയോട് അസഹിഷ്ണുതയില്ല

തിരുവനന്തപുരം: പതിനയ്യായിരം സ്വകാര്യ ബസ്സുകള്‍ വാടകക്കെടുക്കാനുള്ള കെഎസ്ആർടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ ആശയം പ്രായോഗികമല്ലെന്ന സൂചന നല്‍കി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. പരിഷ്കരണ നടപടികളില്‍ യൂണിയനുകളുടെ ആശങ്ക പൂര്‍ണ്ണമായി തള്ളാനാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കെഎസ്ആർടിസിയുടെ വരുമാന വര്‍ധനവ് ലക്ഷ്യമിട്ടുള്ള പുതിയ ആശയം ,എംഡി ടോമിന്‍ തച്ചങ്കരി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്ക് പരിപാടിയിലാണ് പങ്ക് വച്ചത്. പൊതു ഗതാഗത രംഗത്ത് കെഎസ്ആർടിസിക്ക് 15 ശതമാനത്തോളം സാന്നിദ്ധ്യം മാത്രമേയുളൂ. ഇത് 80 ശതമാനത്തിന് മുകളിലെത്തിക്കണം. ഇതിനായി 15000 ത്തോളം സ്വകാര്യ ബസ്സുകള്‍ വാടകക്കെടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ യൂണിയനുകള്‍ സംയുക്ത സമരത്തിനൊരുങ്ങുകയാണ്. മാസവരി പിടിക്കുന്നതിന് നിലിവുണ്ടായിരുന്ന രീതി വിലക്കിയ നടപിടക്കെതിരെ തൊഴിലാളി സംഘടനകള്‍ക്ക് പ്രതിഷേധമുണ്ട്. കെഎസ്ആർടിസിയുടെ ദൈനംദിന ഭരണകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. പക്ഷെ പരിഷ്കരണ നടപടികള്‍ ഫലം കണ്ടില്ലെങ്കില്‍ നോക്കിയിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.