ഷെയ്ഖ് കോളനിയിലെ പൊളിഞ്ഞുവീഴാറായ ഫ്ലാറ്റിനു മുകളില്‍ താമസം

രാജ്യം കടുത്ത ചൂടില്‍ ചുട്ടുപൊള്ളുമ്പോള്‍ ദുബൈയില്‍ ഫ്ലാറ്റിന് മുകളില്‍ കഴിയുകയാണ് ഒരു മലയാളി യുവാവ്. ബിരുദധാരിയായ വിശാഖ് ഒരു നേരത്തെ ആഹാരത്തിനായി പാടുപെടുകയാണ്. ദുബൈയിലെ പാര്‍ക്കുകളിലും തെരുവീഥികളിലും പാട്ടും പാടി നടക്കുന്ന ഈ ചെറുപ്പക്കാരനെ പലരും കണ്ടുകാണും. പക്ഷെ വിശാഖിന്‍റെ താമസ സ്ഥലം കണ്ടെത്തണമെങ്കില്‍ കരാമയില്‍ വരണം. രാജ്യം 45 ഡിഗ്രിക്ക് മുകളില്‍ ചുട്ടുപൊള്ളുമ്പോള്‍ ഷെയ്ഖ് കോളനിയിലെ പൊളിഞ്ഞുവീഴാറായ ഫ്ലാറ്റിനു മുകളില്‍ കഴിച്ചുകൂട്ടുകയാണ് ഇദ്ദേഹം

2007ല്‍ എറണാകുളം മഹാരാജാസില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടിയ വിശാഖ്, ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേ നേടിയിരുന്നു. ഗാനമേളയുടെ ഭാഗമായി കേരളത്തിന്‍റെ വിവിധ മേഖലകളില്‍ പര്യടനം നടത്തിയെങ്കിലും സ്ഥിരവരുമാനം തേടിയാണ് മൂന്ന് വര്‍ഷം മുമ്പ് ഗള്‍ഫിലെത്തിയത്. എന്നാല്‍ നഷ്ടത്തിലായതോടെ ജോലിചെയ്ത ഹോട്ടല്‍ പൂട്ടി. വിശാഖ് പെരുവഴിയിലുമായി. ടെറസിന് മുകളിലാണ് താമസമെന്നും 'ദുബൈ ഫ്രീ ഫുഡ്' പദ്ധതി ഉള്ളതുകൊണ്ട് മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്നും പറയുന്നു വിശാഖ്.

വിശാഖ്

ഒരു നേരത്തെ ഭക്ഷണത്തിന് വകകണ്ടെത്താനാവാതെ വലയുന്ന ഈ ഫോര്‍ട്ടുകൊച്ചിക്കാരന് യുഎഇയില്‍ ഒരു ജോലി വേണം, ഇല്ലെങ്കില്‍ നാട്ടിലേക്ക് പോകാനൊരു വിമാന ടിക്കറ്റ്. പ്രവാസി ലോകത്തെ മലയാളി സമൂഹത്തിലാണ് ഈ ചെറുപ്പക്കാരന്‍റെ പ്രതീക്ഷകള്‍.