കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തി കൊല്ലം ജില്ലാ മുന്‍ കളക്ടര്‍ എ. ഷൈന മോള്‍. വെടിക്കെട്ടപകടം അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ കമ്മീഷന് മുമ്പാകെയാണ് ഷൈനമോള്‍ ഇന്ന് മൊഴി നല്‍കിയത്.
വെടിക്കെട്ടിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ജില്ലാഭരണകൂടത്തിന്റെ ഉത്തരവ് പുറ്റിങ്ങലില്‍ പൊലീസ് നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നാണ് ഷൈനമോളുടെ മൊഴി. വെടിക്കെട്ടിന് രണ്ട് ദിവസം മുമ്പ് തന്നെ എ.ഡി.എം അനുമതി നിഷേധിച്ചിരുന്നു. ഇത് പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. ജില്ലാഭരണകൂടത്തിന്‍റെ ഉത്തരവ് മറികടന്ന് ജില്ലാ പൊലീസ് മേധാവിയാണ് വെടിക്കെട്ടിന് അനുമതി നല്‍കിയതെന്നും ഷൈനമോള്‍ പറഞ്ഞു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നുവെന്നും അവര്‍ കമ്മീഷന് മൊഴി നല്‍കി.
