മഹിഷിയെ നിഗ്രഹിക്കാൻ ഉപയോഗിച്ചെന്ന് വിശ്വസിക്കുന്ന ഉടവാൾ പുത്തൻവീട്ടുകാർ വിളക്ക് തെളിയിച്ച് ഇന്നും സൂക്ഷിക്കുന്നു. എരുമേലി വലിയമ്പലത്തിന് സമീപത്താണ് പുത്തൻവീട്. ശബരിമലയിൽ എത്തുന്ന ഭക്തരിൽ ഒരു വിഭാഗം പുത്തൻവീട്ടിൽ കയറിയ ശേഷമാണ് സന്നിധാനത്തേക്ക് പോകുന്നത്.
എരുമേലി: അയ്യപ്പൻ അന്തിയുറങ്ങിയെന്ന് വിശ്വസിക്കുന്ന എരുമേലിയിലെ പുത്തൻവീട് പൗരാണികത ചോരാതെ അനന്തരാവകാശികൾ ഇന്നും സൂക്ഷിക്കുന്നു. എരുമേലിയിലെത്തുന്ന ഭക്തരിൽ നല്ലൊരു പങ്കും പുത്തൻവീട്ടിൽ എത്തി ഉടവാളും വണങ്ങിയാണ് മടങ്ങുന്നത്. പുത്തൻവീടിന്‍റെ ഐതിഹ്യമാണ് അയ്യപ്പൻ എരുമേലിയിൽ എത്തിയെന്നതിന്‍റെ വിശ്വാസം.
പുലിപ്പാൽ തേടിവന്ന അയ്യപ്പൻ എരുമേലിയിൽ മഹിഷിയെന്ന അസുരൻ സൃഷ്ടിക്കുന്ന ദുഷ്ചെയ്തികളെ കുറിച്ച് അറിഞ്ഞു. മഹിഷിയെ വധിക്കാൻ എരുമേലിയിൽ രാത്രി തങ്ങണമെന്ന ആവശ്യം പുത്തൻവീട്ടിലെ മുത്തശ്ശിയോട് പങ്കുവച്ചു. മഹിഷിയെ വധിച്ചതിന് നാട്ടുകാർ നടത്തിയ ആഹ്ളാദ പ്രകടനമാണ് പേട്ട തുള്ളലായി വിശ്വാസികൾ ആചരിക്കുന്നത്.
മഹിഷിയെ നിഗ്രഹിക്കാൻ ഉപയോഗിച്ചെന്ന് വിശ്വസിക്കുന്ന ഉടവാൾ പുത്തൻവീട്ടുകാർ വിളക്ക് തെളിയിച്ച് ഇന്നും സൂക്ഷിക്കുന്നു. എരുമേലി വലിയമ്പലത്തിന് സമീപത്താണ് പുത്തൻവീട്. ശബരിമലയിൽ എത്തുന്ന ഭക്തരിൽ ഒരു വിഭാഗം പുത്തൻവീട്ടിൽ കയറിയ ശേഷമാണ് സന്നിധാനത്തേക്ക് പോകുന്നത്. പുത്തൻവീട് ഏറ്റെടുക്കാൻ ദേവസ്വംബോർഡ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആചാരാനുഷ്ഠാനങ്ങളോടെ നിലനിർത്താൻ അനന്തരാവകാശികൾ തീരുമാനിക്കുകയായിരുന്നു.
