'മരണാനന്തരജീവിതത്തില്‍ എനിയ്ക്ക് വിശ്വാസമില്ല. ഞാനാകെ വിശ്വസിച്ചത് നക്ഷത്രങ്ങളെയാണ്. മരണശേഷം നക്ഷത്രങ്ങളിലേയ്ക്ക് യാത്ര ചെയ്യാമെന്ന് ഞാന്‍ കരുതുന്നു. ഇതരലോകങ്ങളെക്കുറിച്ച് അറിയാമെന്നും. അതെ, നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേയ്ക്ക്'
ഹൈദരാബാദ് സര്‍വകലാശാലയുടെ പി എച്ച് ഡി വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിലെ ഒരു മുറിയിലിരുന്ന് രോഹിത് ചക്രവര്‍ത്തി വെമുല എന്ന 26 കാരന്‍ ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസം കുറിച്ച വരികളാണിത്. യാക്കൂബ് മേമനെ തൂക്കിക്കൊന്നതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പരാതിപ്പെട്ട എബിവിപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന പേരില്‍ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്ത അഞ്ച് വിദ്യാര്‍ഥികളിലൊരാള്‍. ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെട്ട്, പഠനം വഴിമുട്ടിയ രോഹിത് പക്ഷേ ആത്മഹത്യാക്കുറിപ്പില്‍ തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്നെഴുതി. പക്ഷേ, പിറ്റേന്ന് സര്‍വകലാശാലാ ക്യാമ്പസിന്റെ ഗേറ്റ് ഭേദിച്ച് പ്രതിഷേധവുമായെത്തിയ വിദ്യാര്‍ഥികള്‍ രോഹിത്തിന്റേത് സാമൂഹ്യമായ കൊലപാതകമായിരുന്നുവെന്ന് ഉറക്കെപ്പറഞ്ഞു. ഈ പ്രതിഷേധം രാജ്യമൊട്ടാകെ പടര്‍ന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷവും ഹൈദരാബാദ് സര്‍വകലാശാലയില്‍ ഒന്നും മാറിയിട്ടില്ല. ഇന്ന് രോഹിതിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധപ്രകടനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്. രോഹിത് വെമുലയുടെ അമ്മ രാധിക വെമുല ഉള്‍പ്പടെ സര്‍കലാശാലയ്ക്ക് പുറത്തുള്ളവര്‍ക്കോ, മാധ്യമങ്ങള്‍ക്കോ ക്യാംപസിനുള്ളിലേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാല്‍ വിലക്കുകള്‍ ലംഘിച്ചും ക്യാംപസില്‍ നടക്കുന്ന പ്രതിഷേധപരിപാടികളില്‍ രാധിക വെമുലയ്‌ക്കൊപ്പം ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ സഹോദരന്‍, ഗുജറാത്തിലെ ഉനയില്‍ ദളിത് അക്രമങ്ങളെ അതിജീവിച്ചവര്‍ എന്നിവരുമെത്തും.
