കാട്ടില്‍ തീപിടുത്തമുണ്ടായ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നത്. പിന്നീടാണ് വെടിവെപ്പും പ്രശ്‌നങ്ങളും ഉണ്ടായത്.

വയനാട്: കന്നാരം പുഴക്കരയില്‍ വെച്ച് കര്‍ണാടക വനപാലകര്‍ വെടിവെച്ചതായി പരാതിപ്പെട്ട ആദിവാസി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി വണ്ടിക്കടവ് കോളനിയിലെ വിനോദ് (25) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കര്‍ണാടക വനംവകുപ്പ് വാച്ചര്‍ വെടിവെച്ചുവെന്നായിരുന്നു പരാതി. 

തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും വിനോദ് പറഞ്ഞിരുന്നു. സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന യുവാവ് ഭയന്നാണ് വീട്ടില്‍ കഴിഞ്ഞിരുന്നതത്രേ. സംഭവത്തിന് ഉത്തരവാദിയായ ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം വെള്ള റെയ്ഞ്ചിന് കീഴിലെ ഗാര്‍ഡ് മജ്ഞുനാഥിനെ സംഭവ ദിവസം തന്നെ സ്ഥലം മാറ്റിയിരുന്നു. ബേഗൂര്‍ റെയിഞ്ചിലേക്കാണ് ഇയാളെ മാറ്റിയത്. അതേ സമയം കാടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഇയാള്‍ വ്യക്തമാക്കയിരുന്നു.

മുമ്പ് ഇതേ വാച്ചറുമായി വിനോദ് വാക്കേറ്റമുണ്ടായതായും പറയപ്പെടുന്നുണ്ട്. കാട്ടില്‍ തീപിടുത്തമുണ്ടായ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നത്. പിന്നീടാണ് വെടിവെപ്പും പ്രശ്‌നങ്ങളും ഉണ്ടായത്. വണ്ടിക്കടവ് കോളനിയോട് ചേര്‍ന്ന് ഒഴുകുന്ന കന്നാരംപുഴ കാലങ്ങളായി കോളനിവാസികള്‍ പ്രാഥമിക കര്‍മ്മങ്ങള്‍ക്കും മറ്റും ആശ്രയിക്കുന്നതാണ്. സമീപത്തെ വനത്തിലേക്കും ഇവര്‍ പോകാറുണ്ട്.