ബാഗ്ലുരൂ: വീടും വീട്ടുകാരും ഇല്ലാതെ അനാഥത്തിൻ്റെ ഇരുളിലേക്ക് അകപ്പെട്ട ആ കുരുന്നുകള്‍ക്ക് ആധാർ രക്ഷകനായെത്തി. വർഷങ്ങൾക്കു മുമ്പ് കാണാതായ മൂന്നു ഭിന്നശേഷിക്കാരായ കുട്ടികളെ രക്ഷിതാക്കളുടെ കൈകളിൽ തിരികെ എത്തിക്കാൻ വഴിയൊരുക്കിയത് ആധാർ രേഖകളായിരുന്നു. കർണാടകയിലെ ബെല്ലാരിയിലെ അനാഥാലയത്തിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. 

ആധാർ എൻറോൾമെൻ്റിനായി കുട്ടികളെ എത്തിച്ചപ്പോൾ ഇവർ നേരത്തെ ആധാർ എടുത്തവർ ആണെന്ന് കണ്ടെത്തുകയും തുടർന്ന് ഇവരുടെ വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട കുട്ടികളെ മാതാപിതാക്കൾക്ക് തിരിച്ചുകിട്ടിയത്. ബാഗ്ലൂരുവിലെ യുഐഡിഎഐയുടെ പ്രദേശിക ഓഫീസിൽ മെയ് 28ന് നടന്ന ആധാർ രജിസ്ട്രേഷന് ഇടയിലാണ് ചില ബയോമെട്രിക് രേഖകളുടെ അടിസ്ഥാനത്തിൽ ഇവരുടെ രക്ഷിതാക്കളെ കണ്ടെത്തിയത്.

14 വയസ്സുളള കല്ല്യാൺ 2016 ഒക്ടോബർ 26നാണ് അനാഥാലയത്തിൽ വന്നത്. കല്ലാണിൻ്റെ ആധാർ രജിസ്ട്രേഷൻ നേരത്തെ നടത്തിയതായി കണ്ടെത്തുകയും രക്ഷിതാക്കളെ ഏൽപ്പിക്കുകയുമായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയാണ് കല്ല്യാൺ. 2016 മകനെ കാൺമാനില്ലെന്ന് കല്ല്യാണിൻ്റെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇതുപോലെ ബാബു എന്ന 17 കാരൻ്റെയും മാധവ് രജന എന്നിവരുടെയും രക്ഷിതാക്കളെ കണ്ടെത്തുകയായിരുന്നു.