ദില്ലി: മരണം രജിസ്റ്റര്‍ ചെയ്യാനും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. തെറ്റായ വിവരങ്ങള്‍ നല്‍കിയുള്ള ക്രമക്കേടുകള്‍ അവസാനിപ്പിക്കാനാണ് പുതിയ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നു.

ജമ്മു-കശ്മീര്‍, ആസാം, മേഘാലയ എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് ശേഷം മരണം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മരിച്ചയാളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കണം. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ എന്ന് മുതല്‍ ഇത് നിര്‍ബന്ധമാകുമെന്ന് സര്‍ക്കാര്‍ പുതിയ വിജ്ഞാപനത്തിലൂടെ അറിയിക്കും. മരണപ്പെട്ടയാളെക്കുറിച്ച് ബന്ധുക്കള്‍ നല്‍കുന്ന വിവരങ്ങള്‍ പലപ്പോഴും അപൂര്‍ണ്ണമായിരിക്കുമെന്നതിനാല്‍ രജിസ്ട്രേഷന്‍ കുറ്റമറ്റതാക്കാന്‍ ആധാര്‍ സഹായിക്കുമെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. മരണപ്പെട്ടയാളുടെ തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി ഒട്ടനവധി രേഖകള്‍ ഹാജരേക്കണ്ട ആവശ്യം ഉണ്ടാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസ് വ്യക്തമാക്കി.