ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ ഒരു എം.എല്‍.എയെ കൂടി ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. മാളവ്യ നഗര്‍ എം.എല്‍.എയായ സോംനാഥ് ഭാരതിയെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് ലൈംഗിക പീഡന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) സുരക്ഷാജീവനക്കാരെ കയ്യേറ്റം ചെയ്തു എന്നാരോപിച്ചാണ് എം.എല്‍.യെ അദ്ദേഹത്തിന്റെ ഓഫീസില്‍നിന്നും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനു വേണ്ടി ഇദ്ദേഹത്തെ ഒരു ദിവസം കസ്റ്റഡിയില്‍ വെക്കാനാണ് പൊലീസ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
എയിംസ് ഉള്‍പ്പെടുന്ന മാളവ്യ നഗറിലെ എം.എല്‍.എയാണ് സോം നാഥ് ഭാരതി. എയിംസ് പാര്‍ക്കിംഗിനായി ഉപയോഗിക്കുന്ന സ്ഥലം പൊതു സ്ഥലമാണെന്നും ഇവിടെ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുന്നൂറോളം അനുയായികള്‍ക്കൊപ്പം എം.എല്‍.എ ശ്രമം നടത്തിയതായും എയിംസ് സെക്യൂരിറ്റി മേധാവി നല്‍കിയ പരാതിയില്‍ പറയുന്നു. ശ്രമം തടഞ്ഞ സുരക്ഷാ ജീവനക്കാരെ എം.എല്‍.എയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായും പരാതിയില്‍ പറഞ്ഞു.
താന്‍ ഹോസ്‌കാസ് പൊലീസ് സ്‌റ്റേഷനിലാണെന്ന് എം.എല്‍.എ ട്വീറ്റ് ചെയ്തു. എയിംസ് അധികൃതര്‍ പൊതുസ്ഥലം കൈവശപ്പെടുത്തി പാര്‍ക്കിംഗ് നടത്തുകയും ഈ സ്ഥലം അടച്ചുപൂട്ടുകയും ചെയ്തതാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ പ്രദേശം എയിംസിന്‍േറത് അല്ലെന്ന് വ്യക്തമാക്കി ഇവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കണമെന്ന് വ്യക്തമാക്കി ദില്ലി പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍ എയിംസ് ഡയരക്ടര്‍ക്ക് അയച്ച കത്ത് എം.എല്‍.എ പോസ്റ്റ് ചെയ്തു. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പലതവണ എയിംസ് അധികൃതര്‍ക്ക് കത്തയച്ചിട്ടും അവര്‍ ചര്‍ച്ചക്കെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന്റെ മിനുറ്റ്‌സ് അടക്കം അയച്ചിട്ടും എയിംസ് അതില്‍ പ്രതികരിക്കാത്ത സാഹചര്യത്തില്‍ ഈ സ്ഥലം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതില്‍ അവര്‍ക്ക് തടസ്സമില്ലെന്ന് കണക്കാക്കി തുറന്നുകൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
