ദില്ലി: ഇരുപത് എംഎല്‍എ മാരെ അയോഗ്യരാക്കിയ നടപടിയില്‍ ദില്ലി ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. എന്നാല്‍ തിങ്കളാഴ്ചവരെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും നല്‍കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ ചോദ്യം ചെയ്ത് ഇന്നലെയാണ് ആം ആദ്മി പാര്‍ട്ടി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ തിങ്കളാഴ്ച കോടതി കേസ് കേള്‍ക്കാനിരിക്കുകയാണ്. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും തിങ്കളാഴ്ചയ്ക്ക് മുന്പ് പുറപ്പെടുവിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടത്.
ഇരട്ട പദവി ചൂണ്ടിക്കാട്ടി അയോഗ്യത കല്‍പ്പിച്ച തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യം ഹര്‍ജി നല്‍കിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയതെന്നും എംഎല്‍എമാര്‍ പ്രതിഫലം കൈപ്പറ്റാതെയാണ് പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം വഹിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനിടെ കമീഷന്റെ നടപടി അംഗീകരിച്ചു കൊണ്ട് ഞായറാഴ്ച രാഷ്ട്രപത്രി വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ സാഹചര്യത്തില്‍ ആദ്യ ഹര്‍ജി പിന്‍വലിച്ചു കൊണ്ടു പുതുക്കിയ ഹര്‍ജി നല്‍കുകയായിരുന്നു. പാര്‍ലമെന്ററി സെക്രട്ടറിമാരായി എം എല്‍ എമാരെ നിയമിച്ചത് സാന്പത്തിക നേട്ടമുണ്ടാക്കുന്ന ഇരട്ടപദവിയാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണ്ടെത്തല്‍.
