അര്‍ബുദ ചികിത്സയില്‍ കഴിയുന്ന മാതാവിനെ സന്ദശിക്കാന്‍ എട്ട് ദിവസത്തെ അനുമതിയാണ് മദനിക്ക് സുപ്രീംകോടതി നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മദനി കേരളത്തിലെത്തി. ഒരാഴ്ചയായി അന്‍വാര്‍ശേരിയില്‍ തങ്ങുന്ന മദനിക്ക് കനത്ത സുരക്ഷയാണ് കര്‍ണ്ണാടക പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ട്. വൃക്കരോഗം മൂര്‍ച്ഛിച്ചതിനാല്‍ ഒരു ദിവസം ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ ഭാര്യാമാതാവ് ഫാത്തിമാബീവി മരണപ്പെട്ടു.

നാളെ ഉച്ചയ്‌ക്ക് അന്‍വാര്‍ശേരിയില്‍ നടക്കുന്ന മധ്യാഹ്ന നമസ്കാരത്തിന് ശേഷം മൂന്ന് മണിക്ക് മദനി തിരുവനന്തപുരത്തേക്ക് തിരിക്കും. പിഡിപി പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരിക്കും യാത്ര. ഭാര്യ സൂഫിയ മദനിയും ഒപ്പമുണ്ട്. വൈകിട്ട് കഴക്കൂട്ടം അല്‍സാജ് ഹോട്ടലില്‍ വച്ച് സായാഹ്ന നമസ്കാരത്തിന് ശേഷം പിന്നീട് തിരുവനന്തപുരം വിമാനത്താളവളത്തിലേക്ക് പോകും. ബംഗളുരുവില്‍ നിന്ന് വന്നപ്പോള്‍ വിവാദമായ ഇന്‍‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ തന്നെയാണ് മടക്കയാത്രയും. ബംഗളുരു സ്ഫോടനക്കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിക്കുന്ന വരുന്ന ശനിയാഴ്ച ബംഗളുരു എന്‍ഐഎ കോടതിയില്‍ മദനി ഹാജരാകും. വിചാരണ രണ്ട് വര്‍ഷത്തിനുള്ള തീര്‍ക്കാമെന്നാണ് എന്‍ഐഎ കോടതി സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.