ഇസ്ലാമാബാദ്: ജീവിക്കുന്ന സന്യാസി എന്നറിയപ്പെടുന്ന പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ സമദ് ഈദിയുടെ നിര്യാണത്തില്‍ തേങ്ങലൊതുക്കി പാക്കിസ്ഥാനും ലോകവും. അനാഥര്‍ക്കും അഗതികള്‍ക്കും കാരുണ്യത്തിന്‍റെ തണലൊരുക്കിയ ഈദി ഫൗണ്ടേഷന്‍ സ്ഥാപകന്‍ അബ്ദുൽ സത്താർ ഈദി (92) വെള്ളിയാഴ്ച വൈകിട്ട് കറാച്ചിയിലാണ് അന്തരിച്ചത്. വൃക്കയുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണം.
1928ല്‍ ഗുജറാത്തിലെ ബാന്ദ്വയില്‍ ജനിച്ച ഈദി ഇന്ത്യാ വിഭജനത്തെത്തുടര്‍ന്നാണ് പാകിസ്താനില്‍ എത്തിയത്. തെരുവില്‍ കഴിയുന്നവര്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കുമായി 1951ലാണ് ഈദി ഫൗണ്ടേഷന്‍ സ്ഥാക്കുന്നത്. രാജ്യത്തുടനീളം മെഡിക്കല്‍ ക്ലിനിക്കുകള്‍,ആംബുലന്‍സ് സേവനങ്ങള്‍,അനാഥ ശാലകള്‍ എന്നിവ ഈദി ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് ഈദി ഫൌണ്ടേഷന്‍. ഫൗണ്ടേഷന് സ്വന്തമായി 1500 ആംബുലൻസുകൾ ഉണ്ട്. ‘ജീവിക്കുന്ന സന്യാസി’ എന്നാണ് ഈദി അറിയപ്പെടുന്നത്.
അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങള്‍ പരിഗണിച്ച് നിരവധി തവണ നൊബേൽ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഈദിയുടെ നിര്യാണത്തില്‍ പാകിസ്താന്‍ പ്രസിഡന്റ് നവാസ് ഷെരീഫ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം ശനിയാഴ്ച നടക്കും.
