കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ ഇന്ന് ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവികസേന. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്നും ഫ്രഞ്ച് , ഓസ്ട്രേലിയൻ കപ്പലുകൾ അഭിലാഷിനടുത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും നാവിക സേന വിശദമാക്കി. ഏതാനും മണിക്കൂറുകൾക്കകം രക്ഷപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്ട്രേലിയൻ നാവികസേനയും പ്രതികരിച്ചു.

പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്ന് 3200 കിലോമീറ്റർ അകലെ പരുക്കേറ്റ് കുടുങ്ങിക്കിടക്കുന്ന അഭിലാഷ് ടോമിയുടെ അടുത്തേക്ക് രക്ഷാസംഘം ഇന്ത്യൻ സമയം പതിനൊന്ന് മണിയോടെ എത്തുമെന്നാണ് നാവിക സേനയുടെ അറിയിപ്പ്. ഫ്രഞ്ച് കപ്പലായ ഒസിറിസാണ് ആദ്യമെത്തുക. പിന്നാലെ പെർത്തിൽനിന്ന് പുറപ്പെട്ട ഓസ്ട്രേലിയൻ നാവിക സേനയുടെ കപ്പലായ HMAS ബല്ലാറാത്ത് എത്തും. 

അഭിലാഷിനെ രക്ഷപ്പെടുത്താൻ ഇന്ത്യയിൽ നിന്ന് പുറപ്പെട്ട ഐ എൻ എസ് സത്പുരയ്ക്ക് വെള്ളിയാഴ്ച മാത്രമേ അപകട സ്ഥലത്ത് എത്താനാകൂ. നാവിക സേന ഉപമേധാവി പി അജിത് കുമാറുമായി പ്രതിരോധമന്ത്രി നിർമല സീതാരമാൻ രക്ഷാപ്രവർത്തനത്തെക്കുറിച്ച് സംസാരിച്ചു. ഇന്നലെ രാവിലെ ഇന്ത്യൻ നാവികസേന ചെറുവിമാനം അഭിലാഷിന്‍റെ അപകടത്തിൽപ്പെട്ട പായ്‍വഞ്ചി കണ്ടെത്തിയിരുന്നു. 

ഓസ്ട്രേലിയൻ വ്യോമസേമയുടെ വിമാനവും സ്ഥലത്തെത്തി. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റും ശക്തമായ മഴയും ഉയർന്ന തിരകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. ഇന്ന് കാറ്റുംമഴയും കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. പായ്മരം ഒടിഞ്ഞുവീണ് നടുവിന് പരുക്കേറ്റ അഭിലാഷ് വഞ്ചിയിൽ കിടപ്പിലാണ്. തനിക്ക് സ്ട്രെച്ചർ ആവശ്യമാണെന്ന് അഭിലാഷ് ഫ്രാൻസിലെ റെയ്സ് കൺട്രോൾ റൂമിനെ അറിയിച്ചിട്ടുണ്ട്.